മറ്റാരാളെ അളക്കുന്ന അളവുകോല്‍ പുറംചട്ടയില്‍ ഒതുക്കാതിരിക്കാം

കച്ചവടസ്ഥാപനത്തിലെ ഉടമ കൃത്രിമം കാണിച്ചതിന് തന്റെ ജോലിക്കാരനെ ഒരിക്കല്‍ പുറത്താക്കി.

പലതവണ അയാള്‍ ചോദിച്ചിട്ടും ഉടമ തിരിച്ചെടുക്കാന്‍ തയ്യാറായില്ല. അവസാനം അയാള്‍ വാദിച്ചു: നമ്മള്‍ രണ്ടുപേരും ഒരേ വിശ്വാസത്തില്‍ ജീവിക്കുന്നവരല്ലേ, ഒരേ ദൈവത്തെയല്ലേ പ്രാര്‍ത്ഥിക്കുന്നത്.

ഉടമ പറഞ്ഞു: ഈശ്വരവിശ്വാസം ഉളളയാള്‍ക്ക് അര്‍ഹതയില്ലാത്തത് അപഹരിക്കാനും മറ്റുളളവരെ കബളിപ്പിക്കാനും സാധിക്കില്ല. ഏത് ദൈവത്തില്‍ വിശ്വസിക്കുന്നു എന്നതല്ല, എങ്ങനെ പെരുമാറുന്നു എന്നതാണ് ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ മാനദണ്ഡം.

ആധ്യാത്മികതയും ധാര്‍മികതയുമെല്ലാം പുറംചട്ടകളിലൊതുക്കാനാണ് പലര്‍ക്കും താല്‍പര്യം. അവയെ അസ്ഥിത്വത്തിന്റെ ഭാഗമാക്കാന്‍ പലര്‍ക്കും മടിയാണ്. അനുഷ്ഠാനങ്ങളെല്ലാം നിഷ്ഠയോടെ ചെയ്യുന്നു എന്നത് അനൗചിത്യകരമായ പെരുമാറ്റത്തിനുളള ലൈസന്‍സല്ല.

സാമൂഹികസേവനവും പൊതുപ്രവര്‍ത്തന വൈശിഷ്ട്യവും ഒരാള്‍ ചെയ്യുന്ന കുറ്റത്തെ ലഘൂകരിക്കാനുളള അളവുകോലുമല്ല. ന്യൂനതകള്‍ ആരിലുമുണ്ടാകും. അവയെ കണ്ടെത്താനും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാനുള്ള മനസ്സാണ് നമുക്ക് വേണ്ടത്. മറ്റാരാളെ അളക്കുന്ന അളവുകോല്‍ പുറംചട്ടയില്‍ ഒതുക്കാതിരിക്കാം.

– ശുഭദിനം