ഞാൻ നടന്നത് മേന സഞ്ചരിച്ച വഴിയിലൂടെ – ബ്ലെസി; സാമുവൽ മേന ജന്മശതാബ്ദി പുരസ്കാരം വിതരണം ചെയ്തു

മൂന്നു തലമുറകളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ചലചിത്രരംഗത്ത് സ്വന്തം സർഗ്ഗപ്രതിഭ അടയാളപ്പെടുത്താനായി സാമുവൽ മേന സഞ്ചരിച്ച വഴിയിലൂടെ മുന്നോട്ടു സഞ്ചരിക്കാൻ സാധിച്ച ഒരു എളിയ ചലചിത്രകാരൻ എന്ന നിലയിൽ തനിക്കു ലഭിച്ച വലിയ ബഹുമതിയാണ് സാമുവൽ മേന ജന്മശതാബ്ദി പുരസ്കാരമെന്ന് ചലചിത്രകാരൻ ബ്ലെസി.

സിനിമപോലുള്ള കലാസൃഷ്ടികളെ ക്രിസ്തീയ സമൂഹം അല്പമെങ്കിലും പ്രോത്സാഹിപ്പിച്ചു തുടങ്ങിയത് അടുത്ത കാലത്തുമാത്രമാണ്. 1970 കളിൽ എഴുത്തുകാരൻ എന്ന നിലയിൽ സിനിമയിലൂടെ ദൈവസ്‌നേഹത്തിൻ്റെ സന്ദേശം സമൂഹത്തിനു പകർന്നു നൽകാൻ യത്നിച്ച സാമുവൽ മേനക്ക് വിപരീത അനുഭവങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വന്നതെന്ന്
സാമുവൽ മേന ജന്മശതാബ്ദി പുരസ്കാരം (ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും) സ്വീകരിച്ചശേഷമുള്ള മറുപടി പ്രസംഗത്തിൽ ബ്ലെസി ചുണ്ടിക്കാട്ടി.

മനുഷ്യർ മനുഷ്യരായി ജീവിക്കുന്ന ഇടങ്ങളിൽ സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ ഉണ്ടായിവരുന്ന നന്മയുടെ ഒരു രാഷ്ട്രീയമുണ്ട്. ആ നന്മയുടെ രാഷ്ട്രീയം സ്വന്തം രചനകളിലൂടെയും, ചിത്രമെഴുത്തിലൂടെയും, ഫൊട്ടോഗ്രാഫിയിലൂടെയും, സമൂഹത്തിൽ പ്രകടമാക്കാൻ പരിശ്രമിച്ച വ്യക്തിയായിരുന്നു മേന. യേശുക്രിസ്തുവിലുള്ള ദർശനമാണ് മേനയ്ക്ക് പ്രചോദനമായത്. ‘സ്നേഹം’ എന്നതാണ് ദൈവത്തിൻ്റെ നിർവ്വചനമെന്ന് വ്യക്തിപരമായി എന്നോടും, ലോകത്തോടാകമാനവും വെളിപ്പെടുത്തിയ യേശുക്രിസ്തുവിനെയാണ് ഏറ്റവും വലിയ ആത്മീയഗുരുവായി ഞാൻ കാണുന്നത്.

തികഞ്ഞ ആത്മാർത്ഥതയോടും തികഞ്ഞ സത്യസന്ധതയോടും കൂടെ, ഇടപാടുകളിൽ ചെറിയകാര്യങ്ങളിലൂടെ മറ്റുള്ളവരെ വലിയ രീതിയിൽ സ്പർശിക്കുവാൻ മേനയ്ക്കു കഴിഞ്ഞിരുന്നുവെന്ന് തനിക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ബ്ലെസി പറഞ്ഞു.

പെട്ടെന്നൊരുനാൾ ചലചിത്രകാരനായി പൊട്ടിമുളച്ചയാളല്ല താനെന്ന് അദ്ദേഹം വെളിപ്പെടുത്തി. പതിനെട്ടു വർഷം പല സംവിധായകർക്കൊപ്പം സഹസംവിധായകനായുംമറ്റും തിരുവല്ലയിലൂടെയും മറ്റിടങ്ങളിലൂടെയും അലഞ്ഞ് വളരെ പതുക്കെ ചലചിത്രകാരനായ ഒരാളാണ്. അതുകൊണ്ടുതന്നെ ചലചിത്രകാരനാകമെന്നു മോഹിച്ചിരുന്ന മേനയുടെ മനസും അദ്ദേഹം അനുഭവിച്ച വേദനകളും എനിക്ക് മനസിലാക്കാൻ കഴിയും – ബ്ലെസി പറഞ്ഞു.

വിശ്വസിക്കുന്ന കാര്യങ്ങളിൽ ഉറച്ചു നിന്ന് പോരാട്ടം നടത്തുകയെന്ന ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാനതത്വം സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ മേനക്കു കഴിഞ്ഞിരുന്നെന്ന് അധ്യക്ഷൻ റിട്ട: സെഷൻസ് ജഡ്ജി എ. ഡെന്നിസൻ അനുസ്മരിച്ചു.

ദക്ഷിണേന്ത്യാ ദൈവസഭയിൽ മേന ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ട്രഷറാറായിരുന്നു ഞാൻ. എഴുതാനും വായിക്കാനും പാടാനും മറ്റുമായി താൻ ആർജ്ജിച്ച കഴിവുകളെല്ലാം സുവിശേഷത്തിനുള്ള ഉപാധികളാക്കിമാറ്റാൻ മേനക്കു കഴിഞ്ഞിരുന്നു. വിവിധ പ്രതിസന്ധികളിലും വൈവിധ്യമാർന്ന പ്രതികൂലങ്ങളിലും ജീവിതം യുദ്ധഭൂമി പോലെയായിരുന്നു എല്ലാക്കാലവും മേനക്ക്. എങ്കിലും ജീവിത വിജയത്തിൻ്റെ ഗ്രാഫ് അദ്ദേഹത്തിന് മുകളിലേക്കുതന്നെ ഉയർന്നു കൊണ്ടിരുന്നുവെന്ന് ഡന്നിസൻ അനുസ്മരിച്ചു.

കർണ്ണാടക സംഗീതജ്ഞൻ അശ്വതി തിരുനാൾ രാമവർമ്മ മേന പുരസ്കാരവും, മേനയുടെ മകൾ മിനി ഏബ്രഹാം ക്യാഷ് അവാർഡും വിതരണം ചെയ്തു.

മേനയുടെ മാസ്റ്റർപീസ് നോവൽ ‘നിക്ഷേപം നിറയ്ക്കപ്പെട്ട മൺപാത്രങ്ങ’ളുടെ മൂന്നാം എഡിഷൻ, സിൽവി മാക്സി മേന രചിച്ച ജീവചരിത്ര ഗ്രന്ഥം’ മേന’, മാക്സി വിശ്വാസ് മേനയുടെ “മാനസറോവർ’ കഥാ സമാഹാരം, കൃപ ഗ്ലാഡിസ് മേനയും സിൽവിയും രചിച്ച ‘മൊട്ടസ്റ്റോ’, കൃപ രചിച്ച ‘ വോട്ട് ഫോർ ഹാംലെറ്റ്!’ എന്നിങ്ങനെ മേന കുടുംബത്തിലെ മൂന്നു തലമുറകളാൽ രചിക്കപ്പെട്ട അഞ്ചു ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ പ്രകാശനം ചെയ്തു. കൃപ ഗ്ലാഡിസ് മേന എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച’ മേന’ ഡോക്യുമെൻ്ററിയുടെ പ്രദർശനം നടന്നു.

കുന്ദൻലാൽ സൈഗാൾ, പങ്കജ് മല്ലിക്, യേശുദാസ് എന്നിവർ ആലപിച്ച, മേനയുടെ ഇഷ്ടഗാനങ്ങൾ പ്രശസ്ത പിന്നണി ഗായകൻ പ്രദീപ് സോമസുന്ദരൻ ആലപിച്ചു.
ഗാനപശ്ചാത്തലത്തിന് ആശിഷ് പ്രത്യാശ് മേന നേതൃത്വം നൽകി.

യു. സി. എം പ്രസിഡൻ് ഷെവലിയർ ഡോ. കോശി എം. ജോർജ്ജ്,
റവ. സാം വർഗ്ഗീസ്, ചലചിത്രനടൻ പ്രേംകുമാർ, ക്രിസ്റ്റിസൺ സാരസം, തിരുവല്ല ഇവാൻജൽ മിനിസ്ട്രീസ് സാരഥി ജോൺ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

  • ചലചിത്രം എന്ന മാധ്യമത്തിലൂടെ സുവിശേഷം എന്ന ദർശനവുമായി 1970 കാലഘട്ടത്തിൽ ശ്രമങ്ങൾ ആരംഭിച്ച മേനയെ, സിനിമ പാപമായി കണ്ട സ്വന്തം സമൂഹം സ്നേഹപൂർവ്വം വിലക്കിയ ചരിത്രം’മേന’ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.