വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ അത്താഴ വിരുന്നിനിടയില്‍ വെടിവെപ്പ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടി പങ്കെടുത്ത ചടങ്ങിലാണ് ആക്രമി വെടിയുതിർത്തത്.
വാഷിംഗ്ടണിലെ ഹില്‍ട്ടൻ ഹാളില്‍ അമേരിക്കൻ സമയം ശനിയാഴ്ച രാത്രിയാണ് മാധ്യമ പ്രവർത്തകർക്ക് വേണ്ടി അത്താഴ വിരുന്നു ഒരുക്കിയത്. ആക്രമണം ഉണ്ടായതിനു തൊട്ടുപിന്നാലെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡണ്ട് ട്രംപിനെയും പ്രഥമ വനിതയായ മെലാനിയെയും ചടങ്ങില്‍ നിന്നും മാറ്റി.വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകർ ആയിരുന്നു അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. അമേരിക്കയുടെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും അടങ്ങിയ ചടങ്ങില്‍ ഇത്തരത്തില്‍ വെടിവെപ്പ് ഉണ്ടായത് വലിയ ആശങ്കയും ഭീതിയും ആണ് ഉണ്ടാക്കിയത്. അക്രമി എട്ടു തവണയാണ് വെടിയുതിർത്തത്. അതേസമയം ആക്രമി യുഎസ് പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട് എന്നാണ് നിലവില്‍ ലഭിക്കുന്ന റിപ്പോർട്ട്.
വിരുന്നിനിടെ തോക്കുകളും കത്തികളുമായി എത്തിയ ആളുടെ ചിത്രം പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഷർട്ട് ധരിക്കാതെ, കൈകള്‍ പുറകില്‍ കെട്ടി നിലത്ത് മുഖമമർത്തി കിടക്കുന്ന നിലയിലുള്ള പ്രതിയുടെ രണ്ട് ചിത്രങ്ങളാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചത്.
ഒപ്പം സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ തോക്കുകള്‍ ചൂണ്ടി നില്‍ക്കുന്നതും ഒരാള്‍ ബാരിക്കേഡുകള്‍ ഭേദിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിടിയിലായ വ്യക്തി കാലിഫോർണിയ സ്വദേശിയായ കോള്‍ തോമസ് അലൻ (31) ആണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ഇയാള്‍ ഒരു ‘ലോണ്‍ വുള്‍ഫ്’ (ഒറ്റപ്പെട്ട ആക്രമണം നടത്തുന്നയാള്‍) ആണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈറ്റ് ഹൗസില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍, ഇയാള്‍ നിരവധി ആയുധങ്ങളുമായാണ് എത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ ധീരമായ ഇടപെടല്‍ വലിയ അപകടം ഒഴിവാക്കിയെന്നും ട്രംപ് വ്യക്തമാക്കി.
വെടിയൊച്ചയ്ക്ക് പിന്നാലെ ട്രംപിനെ സുരക്ഷ ഉദ്യോഗസ്ഥർ വളയുകയും ഉടനെ തന്നെ സുരക്ഷിതനായി വേദിയില്‍ നിന്ന് മാറ്റുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഡിന്നർ പരിപാടി പിന്നീട് പുനരാരംഭിച്ചു. പരിപാടി പുനരാരംഭിക്കാൻ നിർദ്ദേശം നല്‍കിയത് ട്രംപ് തന്നെയാണെന്നും റിപ്പോർട്ട്. കൂടാതെ അദ്ദേഹവും പരിപാടിയിലേക്ക് മടങ്ങിയെത്തുവാൻ ശ്രമിച്ചില്ലെങ്കിലും യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് അതിനനുവദിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം സംഭവത്തില്‍ ആർക്കും പരിക്കു പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വെടിയൊച്ച കേട്ടതോടെ ചടങ്ങില്‍ ഉള്ളവർ മേശകള്‍ക്ക് താഴെ അഭയം പ്രാപിക്കുകയായിരുന്നു.



