അവര്‍ അയല്‍ക്കാരായിരുന്നു. ഒരാള്‍ ധനികനും മറ്റേയാള്‍ അന്നന്നത്തെ അന്നം പോലും കണ്ടെത്താന്‍ സാധിക്കാത്ത ഒരു സാധുവുമായിരുന്നു.
ഒരിക്കല്‍ ഒരു സന്യാസി ധനികന്റെ വീട്ടിലെത്തി. ഭക്ഷണം വെയ്ക്കാന്‍ കുറച്ച് അരി ആവശ്യപ്പെട്ടു. ധനികന് സന്യാസിക്ക് പുച്ഛത്തോടെ ഒരു അരിമണി നല്കി.
സന്യാസി ഒന്നും പറയാതെ അവിടെനിന്നും ഇറങ്ങി നടന്നു.അടുത്ത കണ്ട കുടിലിലേക്ക് സന്യാസി കയറി. അവിടെ കണ്ടയാളോട് കുറച്ച് അരി ആവശ്യപ്പെട്ടു.
അയാള്‍ തന്റെ വീട്ടില്‍ ആകെയുണ്ടായിരുന്ന ഒരുപടി അരി സന്യാസിക്ക് കൊടുത്തു. സന്യാസി ആ അരി നന്ദിയോടെ സ്വീകരിച്ച് തിരിച്ചു നടന്നു. ഇത് കണ്ടു നിന്ന ധനികന് അയാളെ വിഢ്ഢിയെന്ന് വിളിച്ച് കളിയാക്കി.
ഒന്നും പറയാതെ തിരിച്ച് വീട്ടില്‍ ചെന്ന് അരിയിരുന്ന പാത്രത്തില്‍ നോക്കിയ അയാള്‍ അത്ഭുതപ്പെട്ടു. താന്‍ കൊടുത്ത അരിയുടെ അത്രയും സ്വര്ണ്ണഅരിമണികള് ആ പാത്രത്തില്‍ കിടക്കുന്നു.
അയാള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇതറിഞ്ഞ ധനികനും ഓടിപ്പോയി തന്റെ അരിപ്പെട്ടിയില്‍ നോക്കി. അവിടെ അയാള്‍ കൊടുത്ത ഒരു അരിമണിക്ക് പകരം ഒരു സ്വര്‍ണ്ണ അരിമണി കിടക്കുന്നുണ്ടായിരുന്നു. വന്നുകയറിയ ഭാഗ്യത്തെ തിരിച്ചറിയാതെ പോയതില്‍ അയാള്‍ ദുഃഖിതനായി.
സാമൂഹ്യജീവിതത്തില്‍ കൊടുക്കല്‍ വാങ്ങലുകള്‍ അനിവാര്യമാണ്. അതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നുമാത്രം. സ്വീകരിക്കുന്നതും നല്‍കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
സ്വീകരിക്കുന്നതിലുള്ള സന്തോഷം ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കും. എന്നാല്‍ നല്കുന്നതിലുള്ള സന്തോഷം ജീവിതം മുഴുവനും നിലനില്ക്കും.
മറ്റുള്ളവരിലേക്ക് നാം നീട്ടുന്ന സഹായത്തിന്റെ കൈകള്‍ സന്തോഷത്തോടെയാകട്ടെ… സ്വാര്‍ത്ഥതയെ അതിജീവിക്കാനും പരസ്നേഹം കൊണ്ട് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാനും അത് നമ്മെ സഹായിക്കുക തന്നെ ചെയ്യും
– ശുഭദിനം.



