ഇന്തോനേഷ്യയിലെ ബാലിയിലുള്ള റിസോർട്ടില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച ഇന്ത്യൻ ടൂറിസ്റ്റുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
ഉബുദിലെ അസ്‌വര റിസോർട്ടിലാണ് സംഭവം.
കഴിഞ്ഞ ഏപ്രില്‍ 16 മുതല്‍ 19 വരെയാണ് നാലംഗ സംഘം ഇവിടെ താമസിച്ചത്. ഏപ്രില്‍ 19-ന് ചെക്ക്-ഔട്ട് സമയത്ത് പകർത്തിയതാണ് വീഡിയോ. ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന പൂള്‍ ടവലുകള്‍, ബാത്ത് ടവലുകള്‍, ഹെയർ ഡ്രയർ, പാത്രങ്ങള്‍, ഡോർ മാറ്റുകള്‍, കിമോണോ വസ്ത്രങ്ങള്‍, ടിവി റിമോട്ട് ബോക്സ് എന്നിവയാണ് ഇവരുടെ ബാഗുകളില്‍ നിന്ന് കണ്ടെടുത്തത്.
ചെക്ക്-ഔട്ട് സമയത്ത് മുറിയിലെ സാധനങ്ങള്‍ കാണാനില്ലെന്നു മനസിലായ ജീവനക്കാർ ഇവരുടെ ലഗേജ് പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പാർക്കിങ് ഏരിയയില്‍ വെച്ചാണ് ബാഗുകള്‍ തുറന്ന് പരിശോധിച്ചത്.
സംഭവം വിവാദമായതോടെ സഞ്ചാരികള്‍ മാപ്പ് പറയുകയും സാധനങ്ങള്‍ തിരികെ നല്‍കുകയും ചെയ്തു. ഹോട്ടല്‍ അധികൃതർ പോലീസില്‍ പരാതി നല്‍കാത്തതിനാല്‍ കേസ് എടുക്കാതെ ഇവരെ പോകാൻ അനുവദിച്ചു.
വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹോട്ടലിലെ സോപ്പ്, ഷാംപൂ പോലുള്ള ഡിസ്‌പോസിബിള്‍ സാധനങ്ങള്‍ എടുക്കാമെങ്കിലും, ടവലുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ എടുക്കാൻ പാടില്ല. ഇതു കുറ്റകരമാണ്.



