തിരുവനന്തപുരം: കേരളത്തിൽ ആവർത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താൻ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും, പശ്ചിമഘട്ടസംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.
സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിലിനെതിരെ മുന്നറിയിപ്പുമായി മാധവ് ഗാഡ്ഗിൽ . പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് കേരളത്തിന് നല്ലതെന്നാണ് മാധവ് ഗാഡ്ഗിൽ പറഞ്ഞത്. കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച എപിജെ. അബ്ദുൾ കലാം അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരുമായി ഓൺലൈൻ സംവാദത്തിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തിന് കെ-റെയിൽ അഭികാമ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിന് പാറയും എംസാൻഡും ഉൾപ്പെടെ വലിയ അളവിൽ അസംസ്കൃത വസ്തുക്കൾ ആവശ്യമായി വരും. പരിസ്ഥിതിയെ അപകടപ്പെടുത്തിയും സാധാരണക്കാരുടെ ചെലവിലുമാണ് പദ്ധതി നടപ്പാവുന്നത്. രാജ്യം മെഗാ പ്രോജക്ടുകൾക്ക് പോകുന്നതിനുമുമ്പ് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിൽവർലൈൻ പോലുള്ള വൻകിട പദ്ധതികൾ ജലസ്രോതസുകളുടെ പരിപാലനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018ലെയും 2019ലെയും വെള്ളപ്പൊക്കത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് കേരളം മുന്നോട്ട് പോകേണ്ടതെന്നും മാധവ്ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി.
ഇത്തരം മെഗാപ്രൊജക്ടുകൾ കേരളത്തിന് ആവശ്യമുണ്ടോയെന്നും കുറച്ച് യാത്രാസമയം ലാഭിക്കാൻ പ്രകൃതിയെ നശിപ്പിക്കണോയെന്നും മാധവ് ഗാഗിൽ ചോദിച്ചു.
=======




