നിതിൻ രാജിൻ്റെ മരണം: ലോണ്‍ ആപ്പ് സംഘത്തിലെ 3 പേരെ റിമാൻഡ് ചെയ്തു, പിടികൂടിയത് നോയിഡയില്‍ നിന്ന്

കണ്ണൂർ: ഓണ്‍ലൈൻ വായ്പാ ആപ്പ് വഴി വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പോലീസ് സംഘം നോയിഡയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.

ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് ജയ് എന്നിവരാണ് റിമാൻഡിലായത്. ‘ഇൻസ്റ്റന്റ് ഫണ്ട്‌സ്’ എന്ന ലോണ്‍ ആപ്പിന്റെ നടത്തിപ്പുകാരാണ് പിടിയിലായവർ. ഇവരുടെ പക്കല്‍ നിന്ന് നിരവധി സിം കാർഡുകളും മൊബൈല്‍ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നിതിൻ രാജ് ഈ ആപ്പില്‍ നിന്ന് വായ്പ എടുത്തിരുന്നതായും, തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് പ്രതികള്‍ നിതിനെ നിരന്തരമായി ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തി. നിതിന്റെ ഫോണിലെ ചാറ്റുകള്‍ പരിശോധിച്ചപ്പോഴാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കോളേജിലെ അധ്യാപകരുടെ പീഡനത്തിനൊപ്പം ഓണ്‍ലൈൻ മാഫിയയുടെ ഭീഷണിയും ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നോയിഡയില്‍ നിന്നാണ് പ്രതികളെ വലയിലാക്കിയത്.