തൃശ്ശൂർ: തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴു സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽനിന്നും വിനോദയാത്ര പോയ അധ്യാപകരും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഡ്രൈവറടക്കം 13 പേർ ഉൾപ്പെട്ടതായിരുന്നു സംഘം. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.
വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം.
40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.



