ഹോര്‍മുസ് തുറക്കല്‍; ലോകനേതാക്കളുടെ അടിയന്തര ഉച്ചകോടി ഇന്ന്

ലണ്ടൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ബ്രിട്ടനും ഫ്രാൻസും ചേർന്ന് വെള്ളിയാഴ്ച ലോകനേതാക്കളുടെ അടിയന്തര ഉച്ചകോടി സംഘടിപ്പിക്കുന്നു.

40 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്ന ഈ വെർച്വല്‍ യോഗത്തില്‍, ഇറാൻ പ്രഖ്യാപിച്ച വെടിനിർത്തല്‍ നിലനിർത്തുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും വിശദമായ ചർച്ചകള്‍ നടക്കും.

കടലിടുക്ക് തുറക്കുന്നതിനായി ഒരു പ്രത്യേക അന്താരാഷ്ട്ര ദൗത്യസംഘത്തെ രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രതിരോധത്തിന് മാത്രം ഊന്നല്‍ നല്‍കുന്ന ഈ ദൗത്യത്തില്‍, സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറയ്ക്ക് വിവിധ രാജ്യങ്ങളുടെ സംയുക്ത സൈനിക സേനയെ വിന്യസിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവർ പാരീസില്‍ നടക്കുന്ന ഉച്ചകോടിക്ക് നേതൃത്വം നല്‍കും.

അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉച്ചകോടിയില്‍ പ്രധാന ചർച്ചാവിഷയമാകും.