കൊച്ചി: ക്രൈസ്തവ സഭകളെ കടുത്ത ഭാഷയില്‍ വിമർശിച്ച് ആർഎസ്‌എസ് മുഖപത്രം. ജി കെ സുരേഷ് ബാബു കേസരിയില്‍ എഴുതിയ ലേഖനത്തിലാണ് ക്രൈസ്തവ സഭകള്‍ക്കെതിരെ രൂക്ഷവിമർശനമുള്ളത്.
ആവശ്യങ്ങള്‍ സാധിപ്പിക്കാൻ ബിജെപി നേതൃത്വത്തോട് അടുത്തുനില്‍ക്കുകയും പിന്നീട് പിന്നില്‍ നിന്ന് കുത്തുകയും ചെയ്യുന്ന ഇരട്ട നിലപാടാണ് സഭകള്‍ കൈക്കൊള്ളുന്നതെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു.
‘സഭകള്‍ വിരട്ടുന്നത് ആരെ’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍, മെത്രാന്മാരും സഭാ നേതാക്കളും ചരിത്രപരമായി ബിജെപിക്ക് പിന്തുണ നല്‍കിയിട്ടില്ലെന്നും, മറിച്ച് സംഘപരിവാർ പ്രസ്ഥാനങ്ങള്‍ക്ക് എതിരായ നിലപാടുകളാണ് എടുത്തതെന്നും പറയുന്നു. എന്നാല്‍ ഇപ്പോള്‍ എഫ്‌സിആർഎ നിയമഭേദഗതിയെ ചൂണ്ടിക്കാട്ടി “രക്തസാക്ഷി” പരിവേഷവുമായി രംഗത്തെത്തുന്നതിനെ ലേഖനം വിമർശിക്കുന്നു.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് ബിജെപിയും സംഘപരിവാർ സംഘടനകളും എല്ലായ്പ്പോഴും സൗഹാർദ്ദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ലേഖനം അവകാശപ്പെടുന്നു. ഇരുപക്ഷങ്ങള്‍ക്കിടയിലെ അകലം വർധിക്കാൻ പ്രധാന കാരണം മതപരിവർത്തന പ്രവർത്തനങ്ങളാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകമെമ്പാടും മതപരിവർത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ് എന്നും ലേഖനത്തില്‍ തുറന്നു വിമർശിക്കുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയങ്ങള്‍ ഉയർത്തി വോട്ട് ബാധിക്കുമെന്ന് സൂചന നല്‍കുന്ന സഭാ നിലപാടുകള്‍ വിമർശിച്ച ലേഖനം, ബിജെപിയുടെ വളർച്ച ദേശവിരുദ്ധ ശക്തികളുടെ പിന്തുണയാല്‍ അല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിനെ ഒരിക്കല്‍ “ക്രൈസ്തവ കോണ്‍ഗ്രസ്” എന്നും വിളിച്ചിരുന്ന രാഷ്ട്രീയ പശ്ചാത്തലവും ലേഖനം ഓർമ്മിപ്പിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നോട്ടുവയ്ക്കാനുള്ള ശ്രമങ്ങളെ നേരിടാൻ ഹൈന്ദവ സമൂഹം തയ്യാറാകണമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.



