ടെഹ്‌റാൻ: പാകിസ്ഥാനില്‍ നടന്ന സമാധാന ചർച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാൻ്റെ തുറമുഖങ്ങളില്‍ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്ക.
തിങ്കളാഴ്ച രാവിലെ 10 മണി (ഇ.ടി) മുതല്‍ ഉപരോധം പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് അറിയിച്ചു.
ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതോ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളിലെയും കപ്പലുകള്‍ക്ക് ഉപരോധം ബാധകമായിരിക്കും. മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്നും അന്താരാഷ്ട്ര സമുദ്രഗതാഗത സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്നും യുഎസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ടും ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണത്തെച്ചൊല്ലിയും അമേരിക്കയും ഇറാനും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് ഇസ്ലാമാബാദിലെ ചർച്ചകള്‍ ഫലപ്രദമാകാതെ പിരിഞ്ഞത്.
എന്നാല്‍, ഭീഷണികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇറാനിയൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് പറഞ്ഞു. സമാധാന കരാറിന് ഇരുകൂട്ടരും വളരെ അടുത്തായിരുന്നുവെന്നും എന്നാല്‍ അമേരിക്കയുടെ പിടിവാശി മൂലമാണ് ചർച്ചകള്‍ പരാജയപ്പെട്ടതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി കുറ്റപ്പെടുത്തി.
അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി. ഇതോടെ മേഖലയില്‍ വീണ്ടും യുദ്ധഭീതിയും എണ്ണവില വർധനയ്ക്കുള്ള സാധ്യതയും ഏറുകയാണ്. അമേരിക്ക ഇറാൻ്റെ തുറമുഖങ്ങളില്‍ ഉപരോധം ഏർപ്പെടുത്തുന്നത് ലോകത്തെ എണ്ണ വിപണിയെയും വിതരണത്തെയും ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇറാൻ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ്. ഇറാന്റെ കയറ്റുമതി തടയുന്നത് വിപണിയില്‍ എണ്ണയുടെ ലഭ്യത കുറയ്ക്കും. ഇത് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകും. ലോകത്തെ എണ്ണക്കടത്തിൻ്റെ ഏകദേശം 20-30% ശതമാനവും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഉപരോധത്തിന് മറുപടിയായി ഇറാൻ ഈ പാത തടയാൻ ശ്രമിച്ചാല്‍ അത് സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണത്തെയും പൂർണ്ണമായി തടസ്സപ്പെടുത്തും. ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ ഇറാൻ്റെ എണ്ണയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. ഉപരോധം ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെ അമേരിക്ക നടപടിയെടുത്താല്‍ അത് അന്താരാഷ്ട്ര തലത്തില്‍ കപ്പല്‍ ഗതാഗതത്തെയും ഇൻഷുറൻസ് നിരക്കുകളെയും ബാധിക്കും.



