വില്‍പത്രപ്രകാരം അച്ഛന്റെ സ്വത്തുമുഴുവന്‍ അവള്‍ക്ക് സ്വന്തമായിരുന്നു. പക്ഷേ, ആ സ്വത്തില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു.
മികച്ച അഭിഭാഷകന്‍ തന്നെ അവള്‍ക്ക് വേണ്ടി ഹാജരായി. പക്ഷേ, കേസ് അവള്‍ക്ക് പ്രതികൂലമായി വന്നു. ലഭിച്ച സ്വത്തെല്ലാം നഷ്ടപ്പെട്ടു.
വിധികേട്ട് ഒരു ഭാവവ്യത്യാസമില്ലാതെ നിന്ന അവളോട് അഭിഭാഷകന്‍ ചോദിച്ചു: നിനക്ക് വിധി മനസ്സിലായില്ലേ. നിനക്ക് എല്ലാ സ്വത്തും നഷ്ടപ്പെട്ടു.
ഇത്‌കേട്ട് അവള്‍ പറഞ്ഞു: ഇതില്‍ ദൈവഹിതം നടക്കണെന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. അത് എനിക്കെതിരാണ്. അതെനിക്ക് മാറ്റാനും സാധിക്കില്ല. എനിക്കൊന്നും ചെയ്യാന്‍ പറ്റാത്തകാര്യത്തെ കുറിച്ച് ഞാന്‍ ആകുലപ്പെട്ടിട്ട് എന്താണ് കാര്യം. അവള്‍ കോടതിമുറിയില്‍ നിന്നും പുറത്തേക്ക് നടന്നു.
മഴ മാറ്റാനോ വെയില്‍ ഇല്ലാതാക്കാനോ ആര്‍ക്കും സാധിക്കില്ല. രാത്രിയുടെ പകലിന്റെയോ നീളം കൂട്ടാനോ കുറയ്ക്കാനോ സാധിക്കില്ല. എന്നിട്ടും തോരാത്തെ മഴയെക്കുറിച്ചും അവസാനിക്കാത്ത രാത്രിയെകുറിച്ചും പലരും പരാതിപ്പെടുന്നു.
ഏതൊക്കെയോ അനിയന്ത്രിത കാരണങ്ങളുടെ പേരില്‍ ആയുസ്സ് മുഴുവന്‍ സ്വയംപഴിചാരി ജീവിക്കുന്നവരുമുണ്ട്. എല്ലാം നഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് തിരിച്ചുവരാനാവില്ല. എല്ലാം അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് ഉയർത്തെഴുന്നേൽപ്പും ഉണ്ടാകില്ല.
ചില കാര്യങ്ങള്‍ അങ്ങനെയൊക്കെതന്നെയാണ്. എല്ലാം സ്വന്തം ഇഷ്ടപ്രകാരം നടന്നെന്നുവരില്ല. ചിലപ്പോള്‍ ഒന്ന് വഴിമാറി സഞ്ചരിച്ചാല്‍ പലതിനും പരിഹാരം നമുക്ക് കണ്ടെത്താന്‍ സാധിച്ചേക്കും. – ശുഭദിനം



