മഥുരയിലെ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞ് പത്ത് മരണം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള വൃന്ദാവനില്‍ യമുനാ നദിയില്‍ ഏകദേശം 30 യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു.

മരിച്ചവരില്‍ ആറ് സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടുന്നു. ഇവര്‍ പഞ്ചാബില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി എത്തിയവരാണെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 3 മണിയോടെയാണ് അപകടം നടന്നത്. പ്രശസ്തമായ ബങ്കേ ബിഹാരി ക്ഷേത്രത്തില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയുള്ള കേശി ഘട്ടിന് സമീപമാണ് സംഭവം

കരസേനയും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഗാസിയാബാദില്‍ നിന്നുള്ള ഒരു സംഘവും സഹായത്തിനായി എത്തിയിട്ടുണ്ട്.
ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 12 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മൂന്ന് മുതല്‍ അഞ്ച് വരെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

ശക്തമായ കാറ്റാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ബോട്ടുകളിലാണ് വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്നത്. ഇതില്‍ 25 മുതല്‍ 27 വരെ ആളുകള്‍ ഉണ്ടായിരുന്ന ഒരു ബോട്ടാണ് മറിഞ്ഞത്.

ശക്തമായ കാറ്റ് കാരണം നദിയുടെ മധ്യഭാഗത്ത് വെച്ച്‌ ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഫ്‌ളോട്ടിങ് പാലത്തില്‍ ഇടിച്ചു മറിയുകയുമായിരുന്നുവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു

ബോട്ട് പാലത്തില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്ന് ഓപ്പറേറ്റര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിലവില്‍ 50 ഓളം പ്രാദേശിക മുങ്ങല്‍ വിദഗ്ധരും തിരച്ചിലില്‍ പങ്കുചേരുന്നുണ്ട്. പരുക്കേറ്റവരെ രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.