ചിക്കമഗളൂരുവില്‍ കാണാതായ മലയാളി പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടരുന്നു

ചിക്കമഗളൂരു: കര്‍ണാടകത്തിലെ ചിക്കമഗളുരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. പാലക്കാട് സ്വദേശി രമേഷിന്റെ മകള്‍ ശ്രീനന്ദയെ ആണ് കാണാതായത്.

കുടുംബം ഉള്‍പ്പെടെ നാല്‍പതംഗ സംഘമാണ് വിനോദ യാത്രയ്‌ക്ക് പോയത്. ചൊവ്വാഴ്ച വൈകിട്ട് 5.20 വരെ കുട്ടി സംഘത്തോടൊപ്പമുണ്ടായിരുന്നു. ഈ സമയത്ത് എടുത്ത ഫോട്ടോയില്‍ കുട്ടിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച്‌ വ്യാപകമായ പരിശോധന നടത്തിയെങ്കിലും സുചനകളൊന്നും ലഭിച്ചില്ല. ഇന്ന് മുതല്‍ ഐജിയുടെ പ്രത്യേക നിർദ്ദേശത്തെ തുട‍ന്ന് 100 അംഗം ടാസ്ക് ഫോഴ്സിൻറ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലും ഫലമുണ്ടായില്ല. ശ്രീനന്ദയ്ക്കായുള്ള തെരച്ചില്‍ ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.

കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തോട് ചേര്‍ന്നുള്ള ചെങ്കുത്തായ മേഖലകളില്‍ ഇറങ്ങിയുള്ള പരിശോധന ഇന്നും തുടരും. കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടുണ്ടാകാം എന്ന ഗുരുതര ആരോപണം മാതാപിതാക്കള്‍ ഉന്നയിച്ചിട്ടുള്ള സാഹചര്യത്തില്‍ ആ ദിശയിലും അന്വേഷണം ഉണ്ടാകും. ശ്രീനന്ദയെ കാണാതായിട്ട് 60 മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞു. കുട്ടിയെ കണ്ടെത്താനാകും എന്ന പ്രതീക്ഷയില്‍ ചിക്കമഗളുരുവില്‍ തന്നെ തുടരുകയാണ് മാതാപിതാക്കള്‍.

തന്റെ മകളെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന കടുത്ത ഭയപ്പാടിലാണ് ശ്രീനന്ദയുടെ അമ്മ. മകള്‍ക്ക് ലഹരി നല്‍കി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് സംശയമുണ്ടെന്നും അവളെ കണ്ടെത്താന്‍ എല്ലാവരും സഹായിക്കണമെന്നും അമ്മ രേണുക കണ്ണീരോടെ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ച്‌ ആരെങ്കിലും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.