ഹിസ്ബുള്ള തലവൻ നയിം ഖാസിമിന്റെ അനന്തരവനെ വധിച്ച് ഇസ്രയേൽ; 10 മിനിറ്റിനുള്ളിൽ 100ലധികം കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂട്ട്: ഹിസ്ബുള്ള നേതാവ് നയിം ഖാസിമിന്റെ അനന്തരവനെ വധിച്ച് ഇസ്രായേൽ. ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിലാണ് നയിം ഖാസിമിന്റെ അനന്തരവനും അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷി കൊലപ്പെട്ടത്. ബെയ്റൂട്ടിലെ തല്ലെറ്റ് ഖയാത്ത് മേഖലയിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് ഹർഷി കൊല്ലപ്പെട്ടത്.

ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ബെയ്‌റൂട്ട് പ്രദേശത്ത് നടത്തിയ ആക്രമണത്തിലാണ് ഹർഷി കൊലപ്പെട്ടതെന്ന് ഇസ്രായേൽ പറഞ്ഞു. ഹിസ്ബുള്ള നേതാവ് നയിം ഖാസിമിന്റെ അടുത്ത സഹകാരിയും ഉപദേഷ്ടാവും ഹർഷി ആയിരുന്നുവെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

കഴിഞ്ഞ ഒക്ടോബറിൽ ഹസൻ നസറള്ള കൊല്ലപ്പെട്ടതിനു ശേഷമാണ് നയിം ഖാസിം ഹിസ്ബുല്ലയുടെ തലവനായി ചുമതലയേറ്റത്. ബുധനാഴ്ച മുന്നറിയിപ്പില്ലാതെ ബെയ്‌റൂട്ടിലെ വാണിജ്യ – റെസിഡൻഷ്യൽ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 182 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്‌റൂട്ട്, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്‌വര എന്നിവിടങ്ങളിലായി 10 മിനിറ്റിനുള്ളിൽ 100ലധികം ഹിസ്ബുള്ള ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇറാനുമായുള്ള യുഎസ് – ഇസ്രായേൽ യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണങ്ങൾ നടന്നതെന്ന് പ്രത്യേകതയുണ്ട്. .

തുടർച്ചയായ ആക്രമണങ്ങളിൽ നഗരങ്ങൾ വിറച്ചു. സ്ഫോടനങ്ങൾ നടന്നയുടൻ ഇവിടേക്ക് ആംബുലൻസുകൾ എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. പലയിടത്തെയും അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ തകർന്നു. ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 254 പേർ കൊല്ലപ്പെടുകയും 1,165 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ലെബനന്റെ സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, കനത്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേലിനെതിരെ തിരിച്ചടിക്കുമോ എന്ന കാര്യം ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.