ട്വന്റി ട്വന്റിയെ പ്രതിരോധത്തിലാക്കി പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി, സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

കേരള നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി.

എൻഡിഎ സഖ്യത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പൂതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൂജ ജോമോൻ രാജിവെച്ചു. ട്വന്റി-20 പാർട്ടിയില്‍ നിന്നും തന്റെ പദവിയില്‍ നിന്നുമാണ് രാജിവച്ചത്. വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ട്വന്റി 20ക്ക് ഇത് വലിയ തിരിച്ചടിയായേക്കാം.

തന്നെ ജയിപ്പിച്ച പ്രസ്ഥാനമാണെങ്കിലും ട്വന്റി ട്വന്റി ബിജെപിയുമായി ചേർന്നത് അംഗീകരിക്കാൻ പറ്റില്ലെന്ന് പൂജ ജോമോൻ പറ‍ഞ്ഞു. ട്വന്റി ട്വന്റിയുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും അവർ ആരോപിച്ചു. സഖ്യനീക്കത്തില്‍ നേരത്തെ തന്നെ പൂജ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആ സമയം പാർട്ടിയില്‍ നിന്ന് ഒറ്റപ്പെടുത്തുന്ന സമീപനമാണുണ്ടായതെന്നും പൂജ ജോമോൻ ആരോപിച്ചു.

അതേസമയം രാജി സന്നദ്ധത അറിയിച്ചപ്പോള്‍ പാർട്ടി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ ആരോപിച്ചു. മുൻപ് രാജി വെച്ച്‌ പോയ ഒരു അംഗം സ്കൂള്‍ ബസ് ഇടിച്ച്‌ മരിച്ചു എന്നും നിങ്ങള്‍ക്കങ്ങനെ ദൈവം വരുത്താതിരിക്കട്ടെയെന്നും സാബു ജേക്കബ് പറഞ്ഞുവെന്നാണ് പൂജ ജോമോൻ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.