തൃശൂർ: വാടാനപ്പള്ളിയില്‍ ബിജെപി തിരഞ്ഞെടുപ്പ് കിറ്റ് വിതരണം ചെയ്തെന്ന പരാതിയില്‍ കേസെടുക്കാൻ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പോലീസിന് അനുമതി നല്‍കി.
കിറ്റിനായി ഓർഡർ നല്‍കിയ വ്യക്തിയെ കേസില്‍ പ്രതിയാക്കാനാണ് കോടതി നിർദ്ദേശം. സംഭവത്തില്‍ പോലീസ് സ്ഥാപന ഉടമയെ പ്രതിയാക്കി കേസെടുത്തു. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിർദേശിച്ചത് പ്രകാരമാണ് നടപടി.
യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനാണ് ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റുകള്‍ തയ്യാറാക്കിയെന്ന പരാതിയുമായി രംഗത്തെത്തിയത്. പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയില്‍ ഒരു സൂപ്പർമാർക്കറ്റിന്റെ ഗോഡൗണില്‍ നിന്ന് വിതരണത്തിന് തയ്യാറാക്കിയ നിലയില്‍ കിറ്റുകള്‍ കണ്ടെത്തിയിരുന്നു.
വോട്ടർമാർക്ക് സാധനങ്ങള്‍ നല്‍കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടല്‍. കിറ്റ് വിവാദം തൃശൂരിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. കിറ്റ് വിവാദം ടി.എൻ. പ്രതാപന്റെ തരംതാണ നാടകമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.



