തോല്‍ക്കാന്‍ തയ്യാറാകാതെ പൊരുതാന്‍ തീരുമാനിച്ചാല്‍…

നക്‌സല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പോലീസിന്റെ നോട്ടപ്പുളളിയായപ്പോഴാണ് അയാള്‍ സ്വന്തം നാട് വിട്ടത്.

ചെന്നെത്തിയത് സിനിമാക്കരുടെ സ്വപ്നലോകമായി ബോംബെയില്‍. സിനിമയില്‍ മുഖകാണിക്കണമെന്ന ആഗ്രഹത്തില്‍ ബോംബെയില്‍ അലഞ്ഞപ്പോഴെല്ലാം ‘നിങ്ങള്‍ ഒരിക്കലും സിനിമയില്‍ വിജയിക്കില്ല’ എന്നാണ് ഏറ്റവുമധികം കേട്ട ആക്ഷേപം.

മികച്ച നര്‍ത്തകനായ അയാള്‍ റാണ റേസ് എന്ന പേരില്‍ ഹെലന്റെ ഡാന്‍സ്ഗ്രൂപ്പില്‍ ചേര്‍ന്നു. ജോലിക്കൊപ്പം അഭിനയത്തിനുളള ശ്രമവും തുടര്‍ന്നു. ഒ

രു കൂട്ടുകാരന്‍ അയാളെ ഒരു ജിംനേഷ്യത്തില്‍ അംഗമാക്കി. അയാള്‍ക്ക് പ്രഭാതകര്‍മ്മങ്ങള്‍ ചെയ്യാനുളള അവസരമായിരുന്നു ആ കൂട്ടുകാരന്‍ ഉണ്ടാക്കികൊടുത്തത്. പക്ഷേ, ഉറക്കം മിക്കപ്പോഴും ഫുഡ്പാത്തിലായിരുന്നു.

പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കയറിപ്പറ്റാനുളള ആദ്യ ശ്രമം പരാജയമായി,. പക്ഷേ, തൊട്ടടുത്തവര്‍ഷം അയാള്‍ അവിടെ കയറിപ്പറ്റി. മൃണാള്‍സെന്‍ തന്റെ മൃഗയ എന്ന ചിത്രത്തില്‍ അയാളെ നായകനാക്കി. മികച്ച നടനുളള ദേശീയ അവാര്‍ഡ് ആദ്യചിത്രത്തില്‍ തന്നെ അയാള്‍ സ്വന്തമാക്കി.

പക്ഷേ, ദാരിദ്ര്യം വിട്ടുമാറിയതേയില്ല. ഭക്ഷണം വാങ്ങിത്തന്നാല്‍ ഇന്റര്‍വ്യൂ തരാം എന്ന് പലപ്പോഴും ആ ദേശീയ അവാര്‍ഡ് ജേതാവിന് പറയേണ്ടിവന്നു. പിന്നീട് ചെറിയ ചെറിയ റോളുകള്‍.. അങ്ങനെ ഡിസ്‌കോക്ക് പ്രാധാന്യമുളള ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലെ റോള്‍ അയാളെ യൂണിവേഴ്‌സല്‍ സൂപ്പര്‍സ്റ്റാര്‍ ആക്കിമാറ്റി.

ഇന്ത്യയുടെ ആദ്യ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമായി ഡിസ്‌കോ ഡാന്‍സര്‍ മാറി. അങ്ങനെ 80കളിലെ സിനിമാ ലോകം ഹിന്ദിക്കാരനല്ലാത്ത ഒരാള്‍ ഭരിച്ചു. ഇന്ത്യയിലെ ഏറ്റവും അധികം നികുതിയടക്കുന്ന വ്യക്തിയായി ആ ചെറുപ്പക്കാരന്‍ മാറി.

ഇന്ത്യയില്‍ സാധാരണക്കാരില്‍ ഏറ്റവുമധികം ഫാന്‍ബേസുളള നടനും അയാള്‍ തന്നെ.. ഭാരതം ഈ വര്‍ഷം പരമോന്നത ചലചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി ആദരിച്ചു.. ഇന്ത്യന്‍ സിനിമയുടെ സ്വന്തം ചക്രവര്‍ത്തിക്ക്… മിഥുന്‍ ചക്രവര്‍ത്തിക്ക്.

തോല്‍ക്കാന്‍ തയ്യാറാകാതെ പൊരുതാന്‍ തീരുമാനിച്ചാല്‍ ചില ജീവിതങ്ങള്‍ ചില കഥകളായി മാറും.. ആര്‍ക്കും വിശ്വസിക്കാനാകാത്ത അവിശ്വസനീയ കഥകള്‍

– ശുഭദിനം.