ദുബായ് തീരത്ത് കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം

ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന കുവൈറ്റ് ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഇറാൻ ആക്രമണം നടത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് പൂർണമായും ഇന്ധനം നിറച്ച കപ്പലിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് കപ്പലിന് തീപിടിക്കുകയും പുറംഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷങ്ങൾക്കിടയിൽ പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും വ്യാപാര കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.

‘അൽ സാൽമി’ എന്ന ടാങ്കറിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായതെന്നും ഇതിനെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായതായും ദുബായ് അധികൃതർ അറിയിച്ചു. ആക്രമണം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കക്കം ചൊവ്വാഴ്ച പുലർച്ചെയോടെ തീയണച്ചു, എണ്ണ ചോർച്ച ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ അമേരിക്ക നശിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.

ഒരു മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന ഈ സംഘർഷം മിഡിൽ ഈസ്റ്റിലുടനീളം വ്യാപിക്കുകയും ആയിരക്കണക്കിന് പേരുടെ മരണത്തത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇത് ആഗോള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ആഗോള സാമ്പത്തിക സ്ഥിരതയെ കുറിച്ചുള്ള ആശങ്കകൾക്ക് കാരണമാവുകയും ചെയ്തു.