യുവാക്കളുടെ പ്രക്ഷോഭത്തിന് തീ കൊളുത്തിയ നേതാവ് ആദ്യം വിലക്കിയത് ക്യാമ്പസ് രാഷ്ട്രീയം

കാഠ്മണ്ഡു: അധികാരത്തിലേറി 48 മണിക്കൂറിനുള്ളില്‍ വൻ പരിഷ്കാരങ്ങളുമായി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ.

രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതാണ് ബാലേന്ദ്ര ഷായുടെ പുത്തൻ പരിഷ്കാരങ്ങള്‍. സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനുള്ളില്‍, സർക്കാർ സ്ഥാപനങ്ങളെ പുനർനിർമ്മിക്കുന്നതിനായി 100 ഇന കർമ്മപദ്ധതിയാണ് അവതരിപ്പിക്കപ്പെട്ടത്. തന്റെ രാഷ്ട്രീയത്തിലെ അസാധാരണ വളർച്ച പോലെ തന്നെ അസാധാരണ തീരുമാനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.

ക്യാമ്പസുകളില്‍ നിന്ന് രാഷ്ട്രീയം പുറത്തേക്ക് എന്നതാണ് അവയില്‍ സുപ്രധാനമായിട്ടുള്ളത്. സ്ഥാപിത രാഷ്ട്രീയ വ്യവസ്ഥയ്ക്കെതിരെയുള്ള ഒരു വിമതൻ എന്ന ബാലൻ ഷായുടെ വ്യക്തിത്വത്തിന് വിരുദ്ധമാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. തന്റെ പാട്ടുകളിലൂടെ യുവാക്കളുടെ പ്രക്ഷോഭത്തിന് തീ കൊളുത്തിയ ബാലേന്ദ്ര ഷാ ഇപ്പോള്‍ വാദിക്കുന്നത് ക്യാമ്പസുകള്‍ രാഷ്ട്രീയത്തിന്റെ താവളമാകേണ്ട ഇടമല്ല എന്നാണ്.

പ്രധാന പാർട്ടികളുമായും മാവോയിസ്റ്റ് ഗ്രൂപ്പുകളുമായും ബന്ധമുള്ള വിദ്യാർത്ഥി സംഘടനകള്‍ അക്രമം, നശീകരണ പ്രവർത്തനങ്ങള്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നിവയില്‍ ഏർപ്പെടുന്നതായി ദീർഘകാലമായി ആരോപണമുണ്ട്. പരീക്ഷകള്‍ വൈകുന്നു, അധ്യാപകർ ആക്രമിക്കപ്പെടുന്നു, ലക്ചർ ഹാളുകളില്‍ പാർട്ടി പതാകകള്‍ നിറയുന്നു. വിദ്യാഭ്യാസത്തെ രാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് ബാലേന്ദ്ര ഷാ പറയുന്നത്.

രാഷ്ട്രീയ വിദ്യാർത്ഥി യൂണിയനുകള്‍ക്ക് പകരം 90 ദിവസത്തിനുള്ളില്‍ സ്റ്റുഡന്റ് കൗണ്‍സില്‍ അല്ലെങ്കില്‍ വോയ്‌സ് ഓഫ് സ്റ്റുഡന്റ്സ് പോലുള്ള രാഷ്ട്രീയേതര സമിതികള്‍ രൂപീകരിക്കും. ഈ നീക്കം ജനാധിപത്യ പങ്കാളിത്തത്തെ തടയുമെന്നും രാഷ്ട്രീയ നേതൃത്വത്തിനുള്ള പ്രധാന പരിശീലന കേന്ദ്രത്തെ ദുർബലപ്പെടുത്തുമെന്നുമാണ് വിമർശകർ നിരീക്ഷിക്കുന്നത്.

ബ്യൂറോക്രസിയിലെ രാഷ്ട്രീയം ഒഴിവാക്കലാണ് ബാലേന്ദ്ര ഷായുടെ മറ്റൊരു സുപ്രധാന തീരുമാനം. പുതിയ മന്ത്രിസഭ സിവില്‍ സർവീസുകാരെയും അധ്യാപകരെയും രാഷ്ട്രീയ പാർട്ടികളില്‍ അംഗത്വം എടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

സർക്കാർ സ്ഥാപനങ്ങള്‍ക്കുള്ളിലെ പാർട്ടി അടിസ്ഥാനത്തിലുള്ള ട്രേഡ് യൂണിയനുകളും നിർത്തലാക്കും. ഭരണനിർവ്വഹണം കാര്യക്ഷമമാക്കാനും ഇടപെടലുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് ബാലൻ ഷായുടെ അനുയായികള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇത് തൊഴിലാളികളുടെ സംരക്ഷണം ഇല്ലാതാക്കുമെന്നും സ്ഥാപനങ്ങള്‍ക്കുള്ളിലെ വിയോജിപ്പുകളെ അടിച്ചമർത്തുമെന്നുമാണ് വിമർശകരുടെ വാദം.

വ്യാപകമായ രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ വൻ പരിഷ്കാരമാണ് ബാലേന്ദ്ര ഷാ നടപ്പിലാക്കുമെന്ന് വിശദമാക്കിയിട്ടുള്ളത്. ബിരുദ പ്രവേശനത്തിനുള്ള പൗരത്വ നിബന്ധന സർക്കാർ നീക്കം ചെയ്യുകയും പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് കർശനമായ അക്കാദമിക് കലണ്ടർ നടപ്പിലാക്കുകയും ചെയ്യും.

അടുത്ത അധ്യയന വർഷം മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള ആന്തരിക പരീക്ഷകള്‍ ഒഴിവാക്കി പകരം മറ്റ് മൂല്യനിർണ്ണയ രീതികള്‍ കൊണ്ടുവരും.ഓക്സ്ഫോർഡ്, പെന്റഗണ്‍, സെന്റ് ജോസഫ്സ്, സെന്റ് സേവ്യേഴ്സ് എന്നിങ്ങനെ കൊളോണിയല്‍-അഭിജാത മുദ്രകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി വിദേശ പേരുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ ഈ വർഷം മുതല്‍ തനതായ പേരുകള്‍ സ്വീകരിക്കാൻ നിർദ്ദേശിച്ചു.

വ്യാപകമായി എതിരാളികളെ അറസ്റ്റ് ചെയ്യുന്നു.പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനിടയില്‍ തന്നെ പുതിയ സർക്കാർ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കഴിഞ്ഞ വർഷത്തെ ജെൻ സി പ്രതിഷേധങ്ങള്‍ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. മറ്റൊരു മുൻ മന്ത്രിയായ രമേശ് ലേഖകും പിടിയിലായിട്ടുണ്ട്. സെപ്തംബറിലെ പ്രക്ഷോഭത്തില്‍ കുറഞ്ഞത് 77 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ഇവർ നേരിടുന്നത്.

അഴിമതി വിരുദ്ധ പ്രസ്ഥാനമായി മാറിയ ഈ പ്രക്ഷോഭമാണ് ഒലി സർക്കാരിനെ താഴെയിറക്കിയത്.മറ്റൊരു കേസില്‍, പ്രായപൂർത്തിയാകാത്ത ഗാർഹിക തൊഴിലാളിയെ എട്ടു വർഷത്തോളം പീഡിപ്പിച്ച കുറ്റത്തിന് എം.എല്‍.എ രേഖ ശർമ്മയെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തു. കാഠ്മണ്ഡു മേയറായിരുന്ന സമയത്ത് ബാലൻ ഷാ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

തന്റെ പരിഷ്കരണാവാദി എന്ന പ്രതിച്ഛായ ഉറപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനും ബാലൻ ഷാ ശ്രദ്ധിക്കുന്നുണ്ട്. ജെൻ സി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 27 വിദ്യാർത്ഥികളുടെ കുടുംബങ്ങള്‍ക്ക് സർക്കാർ ജോലി നല്‍കും. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ അംഗീകരിച്ച ഈ തീരുമാനം ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ആദ്യ സന്ദേശ കൈമാറ്റത്തില്‍ ദില്ലിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബാലൻ ഷാ വിശദമാക്കിയത്. കാഠ്മണ്ഡു മേയറായിരുന്നപ്പോള്‍ തീവ്ര ദേശീയവാദം ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു ഷാ. ഇന്ത്യയുടെ ആധിപത്യത്തെ അദ്ദേഹം പലപ്പോഴും എതിർത്തിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒരു അയല്‍പക്കം ആദ്യം എന്ന നയം പിന്തുടരുമെന്ന് വ്യക്തമാക്കുന്നതാണ് ബാലേന്ദ്ര ഷായുടെ നീക്കം.

അതിവേഗത്തിലുള്ളതും സമഗ്രവുമാണ് ബാലൻ ഷായുടെ ആദ്യ നീക്കങ്ങള്‍. തന്റെ ഭരണകാലം നിർണ്ണായകവും വിപ്ലവാത്മകവുമായിരിക്കുമെന്ന സൂചനയാണ് ഈ നീക്കങ്ങളിലൂടെ ബാലേന്ദ്ര ഷാ നല്‍കുന്നത്.