കൊട്ടയം: എഫ്സിആര്‍എ ഭേദഗതിക്ക് എതിരെ ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. തീരുമാനം പുനഃപരിശോധിക്കണമെന്നും സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കാതോലിക്ക ബാവ.
നിലവിലുള്ള നിയമങ്ങള്‍ കർശനമാണ്. അത് കൃത്യമായി പാലിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പുതിയ നിയമം ആശങ്കയാണ്. സഭയെ വലിയ നിലയില്‍ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ നിയമം. സഭകള്‍ ഇതുവരെ ചെയ്തതും ചെയ്ത് കൊണ്ടിരിക്കുന്നതും മുടങ്ങുന്ന സ്ഥിതിയാണ്. നിലവില്‍ സഭയുടെ പല കാര്യങ്ങളും ബ്ലോക്ക് ചെയ്ത് അവസ്ഥയിലാണ്. രാജീവ് ചന്ദ്രശേഖർ വന്ന് കണ്ടപ്പോള്‍ വിഷയം പറഞ്ഞുവെന്നും എന്നാല്‍ പരിഹാരം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എഫ്സിആര്‍എ നിയമം അടിയന്തിരമായി പിൻവലിക്കണം. ന്യൂനപക്ഷ സമീപനങ്ങളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമാണോ ഈ നീക്കം എന്ന് സംശയിക്കുന്നു. ബിജെപിക്ക് ഈ വിഷയത്തില്‍ ഇരട്ടതാപ്പ് ആണോ എന്ന് സംശയം. സഭ സന്ദർശിക്കുന്ന നേതാക്കളെ നല്ല നിലയില്‍ സ്വീകരിച്ചു. എന്നിട്ട് സഭയെ വീർപ്പുമുട്ടിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. ആശങ്കപ്പെടണ്ടാ എന്ന ബിജെപി നേതാക്കളുടെ വാക്കിന് അർത്ഥം ഇല്ല. ആശങ്ക വേണ്ടാ എന്ന് ജോർജ് കുര്യൻ പറയുന്നു. പക്ഷെ അതിന്റെ ഒരു സൂചനയും ലഭിക്കുന്നില്ല. മോദിയെ ഡല്‍ഹിയില്‍ വെച്ച് നേരില്‍ കണ്ട് ആശങ്ക അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോയാല്‍ തുറന്ന പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും മറ്റ് സഭകളുമായി കൂടിയാലോചന നടത്തുമെന്നും ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.



