വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണമാറ്റം ലക്ഷ്യം കണ്ടുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. എയർഫോഴ്സ് വണ്ണില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇറാനിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ആഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലെ പരാമർശങ്ങള്‍ അദ്ദേഹം ആവർത്തിക്കുകയായിരുന്നു.
“ഇറാനില്‍ ഭരണമാറ്റം നടന്നുവെന്ന് നമുക്ക് പറയാം. കാരണം പഴയ ഭരണകൂടം പൂർണ്ണമായും തകർക്കപ്പെട്ടു, അവരെയെല്ലാം വധിച്ചു കഴിഞ്ഞു,” ട്രംപ് പറഞ്ഞു. ഒരു മാസത്തോളം നീണ്ടുനിന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാനിയൻ നേതാക്കളുടെ എണ്ണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ആദ്യത്തെ ഭരണകൂടം നശിപ്പിക്കപ്പെട്ടുവെന്നും രണ്ടാമത് വന്ന ഭരണകൂടവും ഏതാണ്ട് ഇല്ലാതായെന്നും ട്രംപ് അവകാശപ്പെട്ടു. ഇപ്പോള്‍ നിലവിലുള്ളത് മൂന്നാമതൊരു വിഭാഗമാണെന്നും, മുൻപാരും ഇടപഴകിയിട്ടില്ലാത്ത പുതിയൊരു കൂട്ടരുമായാണ് ഇപ്പോള്‍ ചർച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.”ആദ്യത്തെ ഭരണകൂടം തിന്മ നിറഞ്ഞതായിരുന്നു. രണ്ടാമത്തേത് താല്‍ക്കാലികമായി നിയമിക്കപ്പെട്ടവരും. അവരെല്ലാം ഇപ്പോള്‍ മരിച്ചു കഴിഞ്ഞു. ഒരുപക്ഷേ ഒരാള്‍ക്ക് മാത്രമേ ഇനി ജീവൻ ബാക്കിയുണ്ടാകൂ,” ട്രംപ് പരിഹസിച്ചു. ഇറാനുമായി ഒരു പുതിയ കരാറില്‍ എത്താൻ സാധിക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോഴത്തെ ഭരണകൂടം കൂടുതല്‍ വിവേകത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും ഇറാനുമായുള്ള ചർച്ചകളെക്കുറിച്ച് അദ്ദേഹം ഒരു മുന്നറിയിപ്പും നല്‍കി. “ഇറാനുമായുള്ള കാര്യത്തില്‍ നമുക്കൊന്നും പ്രവചിക്കാനാവില്ല. കാരണം നമ്മള്‍ അവരുമായി ചർച്ച നടത്തും, അതിനുശേഷം അവരെ ബോംബിട്ട് നശിപ്പിക്കേണ്ടി വരും,” ട്രംപ് പറഞ്ഞു. ട്രംപിൻ്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.



