കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിനെ ലക്ഷ്യമിട്ട് ഇറാന്റെ വ്യോമാക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്റാൻ: കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിനെ ലക്ഷ്യമിട്ട് ഇറാന്റെ വ്യോമാക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.

കുവൈത്ത് വൈദ്യുതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, രാജ്യത്തെ പ്രധാന പ്ലാന്റിലുളള സർവീസ് കെട്ടിടത്തിനാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കെട്ടിടത്തിന് ഗുരുതര നാശനഷ്ടമുണ്ടായി. മരിച്ച ഇന്ത്യൻ തൊഴിലാളിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിനു പിന്നാലെ രക്ഷാപ്രവർത്തന സംഘം ഉടൻ സ്ഥലത്തെത്തി. പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ അടിയന്തര നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

ഇതിനിടെ, സംഭവത്തെക്കുറിച്ച്‌ ഇറാൻ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. യുദ്ധം ആരംഭിച്ച്‌ ഒരു മാസം പിന്നിടുമ്ബോഴും കുവൈത്ത് തുടർച്ചയായ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രി മാത്രം കുവൈത്തിന്റെ വ്യോമാതിർത്തിയില്‍ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു സൈനിക ക്യാമ്ബിനെ ലക്ഷ്യമിട്ട് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ 10 സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനയിയുടെ പുതിയ സന്ദേശം പുറത്ത്. അമേരിക്കക്കും ഇസ്രയേലിനുമെതിരായ യുദ്ധത്തില്‍ ഇറാനെ പിന്തുണച്ചതിനായി ഇറാഖ് ജനങ്ങളോടും മതനേതൃത്വത്തോടും നന്ദി അറിയിച്ചാണ് മൊജ്താബ ഖമനയിയുടെ പുതിയ സന്ദേശം. അധികാരമേറ്റ ശേഷം ഇതുവരെയും പൊതുസ്ഥലങ്ങളില്‍ എത്താത്ത മൊജ്താബയുടെ മൂന്നാമത്തെ സന്ദേശമാണിത്.

ഇറാനെതിരായ ആക്രമണങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുകയും രാജ്യത്തിന് പിന്തുണ നല്‍കുകയും ചെയ്തതിനാണ് മൊജ്താബയുടെ നന്ദിപ്രകടനം. ഇറാഖിലെ ഷിയാ രാഷ്ട്രീയസംഘടനയായവഇസ്‌ലാമിക് സുപ്രീം കൗണ്‍സില്‍ ഓഫ് ഇറാഖ് പ്രതിനിധികളും ബാഗ്ദാദിലെ ഇറാനിയൻ അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം ടെലിവിഷനിലൂടെ പുറത്തുവിട്ടത്.

ഫെബ്രുവരി 28ന് യുദ്ധത്തിന്റെ തുടക്കത്തിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മകനാണ് മൊജ്തബ ഖമനയി. പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഏതാനും രേഖാമൂലമുള്ള പ്രസ്താവനകള്‍ മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. നേരിട്ട് പ്രത്യക്ഷപ്പെടാത്തത് മൊജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും വലിയ ഊഹാപോഹങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. എന്നാല്‍ ഒരു വ്യോമാക്രമണത്തില്‍ പരുക്കേറ്റ മുജ്തബ സുഖം പ്രാപിച്ചുവരികയാണെന്നാണ് ഔദ്യോഗിക മാധ്യമങ്ങളും ചില ഉദ്യോഗസ്ഥരും സൂചിപ്പിക്കുന്നത്.

പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മൊജ്തബ ഖമനയി പുറപ്പെടുവിക്കുന്ന മൂന്നാമത്തെ പ്രധാന സന്ദേശമാണിത്. നേരത്തെ ഒരു പ്രസ്താവനയും പേർഷ്യൻ പുതുവർഷമായ നൗറൂസ് ആശംസയും അദ്ദേഹം നല്‍കിയിരുന്നു. ടെലിവിഷനിലൂടെ മറ്റൊരു വ്യക്തി വായിച്ച ഈ സന്ദേശങ്ങളെല്ലാം യുദ്ധത്തില്‍ വിജയം പ്രവചിക്കുന്നവയായിരുന്നു. അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചു. ഇറാനുമായുള്ള ചർച്ചകളില്‍ ഒരു ഉന്നത വ്യക്തിയുമായാണ് തങ്ങള്‍ ആശയവിനിമയം നടത്തുന്നതെന്നും എന്നാല്‍ അത് പരമോന്നത നേതാവല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, അമേരിക്ക ഇറാനില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഈ റിപ്പോർട്ടുകളോട് രൂക്ഷമായ ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. കരയുദ്ധത്തിന് അമേരിക്ക മുന്നോട്ട് വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നല്‍കി. കരയുദ്ധം ആരംഭിച്ചാല്‍ യുഎസ് സൈനികർ പേർഷ്യൻ ഉള്‍ക്കടലിലെ സ്രാവുകള്‍ക്ക് ഇരയാകുമെന്ന തരത്തില്‍ കടുത്ത ഭാഷയിലാണ് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോല്‍ഫഘാരി പ്രതികരിച്ചത്. അമേരിക്ക – ഇറാൻ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെയാണ് ഇറാൻ സൈനിക വക്താവിന്റെ പ്രതികരണം.

3500 സൈനികരുമായി യുഎസിന്റെ യുദ്ധക്കപ്പല്‍ യുഎസ്‌എസ് ട്രിപ്പോളി പശ്ചിമേഷ്യയില്‍ എത്തിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ പ്രതികരണം. കൂടാതെ, പതിനായിരത്തോളം സൈനികരെ കൂടി മേഖലയില്‍ വിന്യസിക്കാൻ യുഎസ് ആലോചിക്കുന്നതായും സൂചനകളുണ്ട്.

നേരത്തെ യുഎസിനെതിരെ ഇറാൻ പാർലമെന്റ് സ്പീക്കറും ആരോപണമുന്നയിച്ചിരുന്നു. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ്, രഹസ്യമായി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് ആരോപിച്ചു. ഇറാൻ – യുഎസ് സമാധാന ചർച്ച സാധ്യമാക്കാൻ തുർക്കി, സൗദി, ഈജിപ്ത് വിദേശകാര്യമന്ത്രിമാരുടെ ചർച്ച നടക്കുന്നതിനു മുൻപായിരുന്നു ഖലിബാഫ് യുഎസിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

‘ശത്രു പ്രത്യക്ഷത്തില്‍ ചർച്ചയുടെ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നു, അതേസമയം, രഹസ്യമായി ആക്രമണത്തിനു പദ്ധതിയിടുകയും ചെയ്യുന്നു. ഞങ്ങളു‌ടെ സൈനികർ യുഎസിന്റെ സൈന്യത്തെ കാത്തിരിക്കുകയാണ്. യുഎസ് ഇറാന്റെ കീഴടങ്ങല്‍ ആവശ്യപ്പെടുന്നിടത്തോളം, ഞങ്ങളുടെ മറുപടി ഇതാണ് – ഞങ്ങള്‍ അപമാനം സഹിക്കില്ല” – ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയ്ക്കു നല്‍കിയ പ്രസ്താവനയില്‍ ഖലിബാഫ് പറഞ്ഞു.

അതേസമയം, നയതന്ത്ര ചർച്ചകള്‍ തുടരുന്നുവെന്ന നിലപാടിലാണ് അമേരിക്ക. ഇറാനുമായി ബന്ധപ്പെടുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവർത്തിച്ചു. പാക്കിസ്ഥാൻ മധ്യസ്ഥതയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനിടെ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ സമാധാന ചർച്ചകള്‍ക്കായി ഇടപെടുന്നുണ്ട്.