ഇറാനിലെ ആണവ പ്ലാന്റ് ആക്രമിച്ച്‌ ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. ഇറാന്റെ ആണവ പ്ലാന്റിന് നേരേ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.

മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാന്റിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്. ഇതോടെ മേഖലയില്‍ വീണ്ടും സംഘർഷം രൂക്ഷമാക്കി. ആക്രമണത്തില്‍ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമാക്കുമെന്നും ഇറാൻ അറിയിച്ചു.

ഇതിനിടെ, ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കില്‍ ഇറാൻ നിയന്ത്രണം ശക്തമാക്കി. ഇനി മുതല്‍ ഇറാന്റെ സേനാവിഭാഗമായ റവലൂഷനറി ഗാർഡിന്റെ അനുമതിയോടെയാണ് ചരക്കുകപ്പലുകള്‍ക്ക് കടന്നുപോകാൻ സാധിക്കുക എന്ന രീതിയിലേക്ക് സംവിധാനം മാറ്റിയതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. സുരക്ഷാ പരിശോധനകള്‍ക്കുശേഷം മാത്രമേ കപ്പലുകള്‍ കടത്തിവിടുകയുള്ളുവെന്നും, ഇതിനായി ഫീസ് ഈടാക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

ഈ പുതിയ നടപടികള്‍ക്കിടെ, ഹോർമുസ് വഴിയുള്ള രാജ്യാന്തര കപ്പല്‍ഗതാഗതം വൻ തോതില്‍ കുറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം ഗതാഗതം ഏകദേശം 90 ശതമാനം ഇടിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മാർച്ച്‌ ഒന്നിന് ശേഷം എണ്ണടാങ്കറുകളും ചരക്കുകപ്പലുകളും ഉള്‍പ്പെടെ ഏകദേശം 150 കപ്പലുകള്‍ മാത്രമാണ് കടന്നുപോയത്.

ചില കപ്പലുകള്‍ക്ക് ഫീസ് ചുമത്തിയെന്ന ആരോപണവും ഉയർന്നിരിക്കുകയാണ്. ഇതിനോട് പ്രതികരിച്ച്‌ ഗള്‍ഫ് കോഓപ്പറേഷൻ കൗണ്‍സില്‍ (ജിസിസി) ഇറാന്റെ നടപടി രാജ്യാന്തര നിയമ ലംഘനമാണെന്ന് ആരോപിച്ചു. ഹോർമുസ് കടലിടുക്കില്‍ ‘ടോള്‍ ബൂത്ത്’ മാതൃകയിലെ നിയന്ത്രണം സ്ഥിരമാക്കാൻ ഇറാൻ ശ്രമിക്കുന്നുവെന്നും, അതിനായി നിയമനിർമാണ നടപടികള്‍ പുരോഗമിക്കുന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

അതേസമയം, ഖാർഗ് ദ്വീപിലെ ടെർമിനലില്‍ നിന്നുള്ള ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതി വലിയ തടസ്സങ്ങളില്ലാതെ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമായും ചൈനയിലെ റിഫൈനറികളിലേക്കാണ് ഈ കയറ്റുമതി നടന്നത്.