ന്യൂയോർക്ക്: ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ കടലില്‍ സഞ്ചരിക്കുന്ന ഡ്രോണ്‍ ബോട്ടുകള്‍ അമേരിക്ക വിന്യസിച്ചു.
ഒരു സജീവ യുദ്ധത്തില്‍ ഇത്തരത്തിലുള്ള ഡ്രോണ്‍ ബോട്ടുകള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായാണ് പെന്റഗണ്‍ സ്ഥിരീകരിക്കുന്നത്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’എന്ന് പേരിട്ടിട്ടുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ഡ്രോണ്‍ വിന്യാസം.
മേരിലാൻഡ് ആസ്ഥാനമായുള്ള ബ്ലാക്സീ എന്ന കമ്പനി നിർമ്മിച്ച ‘ഗ്ലോബല്‍ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്’ എന്ന ഡ്രോണ്‍ ബോട്ടുകളാണ് അമേരിക്ക ഉപയോഗിക്കുന്നത്. ഏകദേശം അഞ്ച് മീറ്റർ നീളമുള്ള ഈ അത്യാധുനിക ബോട്ടുകള്‍ ഇതിനോടകം തന്നെ 450 മണിക്കൂറിലധികം കടലില്‍ പട്രോളിംഗ് നടത്തിക്കഴിഞ്ഞു. നിരീക്ഷണ ആവശ്യങ്ങള്‍ക്കും ആവശ്യമെങ്കില്‍ ചാവേർ ആക്രമണങ്ങള്‍ക്കും ഈ ബോട്ടുകള്‍ ഉപയോഗിക്കാൻ സാധിക്കും.
റഷ്യയുടെ കരിങ്കടല്‍ കപ്പല്‍പ്പടയെ തകർക്കാൻ ഉക്രൈൻ സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ടുകള്‍ ഉപയോഗിച്ചത് വൻ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയും ഈ സാങ്കേതികവിദ്യ യുദ്ധമുഖത്ത് പരീക്ഷിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് ഈ ഡ്രോണ്‍ ബോട്ടുകളുടെ പ്രധാന ദൗത്യം.
അതേസമയം, ഡ്രോണ്‍ ബോട്ടുകളുടെ വികസനത്തില്‍ അമേരിക്കൻ നാവികസേന ചില സാങ്കേതിക വെല്ലുവിളികളും നേരിടുന്നുണ്ട്. പരീക്ഷണങ്ങള്‍ക്കിടെ ഡ്രോണ്‍ ബോട്ടുകള്‍ മറ്റ് കപ്പലുകളില്‍ ഇടിച്ചതായും ചില ബോട്ടുകള്‍ പ്രവർത്തനരഹിതമായതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും, കുറഞ്ഞ ചിലവില്‍ കടലിലെ സുരക്ഷ ഉറപ്പാക്കാൻ ഡ്രോണ്‍ ബോട്ടുകള്‍ വലിയ സഹായമാകുമെന്നാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.



