ബംഗളൂരു: ക്ലാസ് മുറിയില്‍ വിദ്യാർഥിനിയോട് പ്രണയാഭ്യർഥന നടത്തിയ അസിസ്റ്റന്റ് പ്രഫസറെ വിദ്യാർഥികള്‍ മർദിച്ചു.
കർണാടക തുമകൂരുവിലെ ശ്രീ സിദ്ധാർഥ മെഡിക്കല്‍ കോളജിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തെത്തുടർന്ന് അബ്ദുല്‍ എന്ന പ്രഫസറെ കോളജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് പ്രഫസർ വിദ്യാർഥിനിയോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
“ഈ ബാച്ച് എനിക്ക് നല്കിയ സ്നേഹം തടയാൻ എനിക്കായില്ല. നിങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പെണ്‍കുട്ടിയോട് എനിക്ക് പ്രണയാഭ്യർഥന നടത്തണം. എല്ലാവർക്കും ഞാൻ മിഠായി വിതരണം ചെയ്യും” എന്ന് വിദ്യാർഥികളോട് പറഞ്ഞ ശേഷമാണ് അദ്ദേഹം പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞത്. അധ്യാപകന്റെ പെരുമാറ്റത്തില്‍ പ്രകോപിതയായ വിദ്യാർഥിനി ഉടൻ തന്നെ തടയുകയും പ്രിൻസിപ്പലിനോട് സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പെണ്‍കുട്ടി തന്നോട് നേരത്തെ പ്രണയം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിന് തന്റെ പക്കല്‍ സിസിടിവി തെളിവുണ്ടെന്നുമാണ് പ്രഫസർ അവകാശപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടി ഇത് ശക്തമായി നിഷേധിച്ചു. തുടർന്ന് “നമുക്ക് നാളെ സംസാരിക്കാം” എന്ന് പറഞ്ഞ് മിഠായി വിതരണം ചെയ്ത് ക്ലാസിന് പുറത്തേക്ക് പോകാൻ ശ്രമിച്ച പ്രഫസറെ മറ്റ് വിദ്യാർഥികള്‍ തടഞ്ഞതോടെയാണ് രംഗം വഷളായത്.
വിവരമറിഞ്ഞെത്തിയ മറ്റ് വിദ്യാർഥികള്‍ പ്രഫസറെ വളയുകയും തർക്കം കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ വിദ്യാർഥിനി അധ്യാപകനെ ചെരിപ്പുകൊണ്ട് അടിച്ചു. പ്രകോപിതരായ വിദ്യാർഥികള്‍ ക്യാമ്പസിലുടനീളം പ്രഫസറെ ഓടിച്ചു മർദിച്ചു. അദ്ദേഹത്തിന്റെ കാറിന് സമീപം വെച്ചും മർദനമേറ്റു. പരുക്കേറ്റ അധ്യാപകൻ ഒടുവില്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അച്ചടക്ക ലംഘനവും അധ്യാപക പദവിക്ക് നിരക്കാത്ത പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തത്.



