മാര്‍ക്കാപുരം: ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം ജില്ലയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ 10 പേര് മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ 6:30-ഓടെ രായവരം മേഖലയിലാണ് അപകടം നടന്നത്. യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസ് കരിങ്കല്‍ കയറ്റി വന്ന ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു.
അമിതവേഗതയില്‍ വന്ന ലോറിയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയുടെ ആഘാതത്തില്‍ നിമിഷങ്ങള്‍ക്കകം ബസിനുള്ളിലേക്ക് തീ പടരുകയായിരുന്നു. അപകടസമയത്ത് ഏകദേശം 30 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.
ബസിന്റെ പിന്‍ഭാഗത്തിരുന്ന യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു.
മുന്‍വശത്തിരുന്ന പലരും അത്ഭുതകരമായി രക്ഷപ്പെട്ടു. രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു.
മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായുഡു സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.



