വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണമെന്ന് ഇറാന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം.
ഇല്ലെങ്കില്‍ ഊർജ കേന്ദ്രങ്ങള്‍ തകർക്കുമെന്നാണ് ഭീഷണി. ഇറാന്റെ ഇന്ധന, ഊർജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മേഖലയിലെ യുഎസിന്റെ എല്ലാ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്ന തിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം നാലാം ആഴ്ചയും തുടരുകയാണ്.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം യുദ്ധത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ഏതാണ്ട് നിലച്ചിരിക്കുകയാണ്. അതേസമയം ഹോർമുസ് കടലിടുക്ക് യുഎസിനും സഖ്യകക്ഷികള്‍ക്കും ഒഴികെയുള്ള എല്ലാവർക്കും തുറന്നിട്ടുണ്ടെന്ന് ഇറാൻ പറഞ്ഞു. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ആഴ്ച പറഞ്ഞത് കപ്പലുകള്‍ക്ക് സുരക്ഷിതമായ വഴി തേടി നിരവധി രാജ്യങ്ങള്‍ തന്നെ സമീപിച്ചിട്ടുണ്ട് എന്നാണ്.
അതിനിടെ യുദ്ധത്തിന് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാനുമായി ഒരു പുതിയ “സമാധാന കരാറിന്” അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട് പുറത്തുവന്നു. തന്റെ വിശ്വസ്തരും കുടുംബാംഗങ്ങളുമായ കുഷ്നറെയും സ്റ്റീവൻ വിറ്റ്കോഫിനെയും രഹസ്യ ചർച്ചകള്‍ക്ക് ട്രംപ് ചുമതലപ്പെടുത്തിയതായാണ് വിവരം. യുദ്ധം കൂടുതല്‍ വ്യാപിക്കുന്നത് തടയാൻ ഇറാന്റെ ഉന്നത പ്രതിനിധികളുമായി ചർച്ച നടത്താനാണ് കുഷ്നറോടും വിറ്റ്കോഫിനോടും ട്രംപ് നിർദ്ദേശിച്ചിരിക്കുന്നത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ‘അബ്രഹാം കരാറുകള്‍ക്ക്’ നേതൃത്വം നല്‍കിയ വ്യക്തിയാണ് കുഷ്നർ.
തനിക്ക് യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് ട്രംപ് ഏറ്റവും വിശ്വസ്‌തരോട് പറഞ്ഞതായി അമേരിക്കയിലെ വാർത്താ ഏജൻസിയായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനൊപ്പം, പകരം അവർക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്ന രീതിയിലുള്ള ഒരു പാക്കേജാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്. ഇസ്രയേല്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇറാനെ പൂർണ്ണമായും തകർക്കണമെന്ന നിലപാടിലാണ് ഇസ്രയേലിലെ തീവ്ര വലതുപക്ഷ വിഭാഗം.



