പത്തിരി കൊടുക്കാൻ ഗ്യാസില്ല; കായംകുളത്ത് പെരുന്നാള്‍ ദിനത്തില്‍ പത്തിരിക്കടയില്‍ കൂട്ടത്തല്ല്

കായംകുളം: ചെറിയ പെരുന്നാള്‍ ആഘോഷത്തിനിടയില്‍ കായംകുളത്തെ പത്തിരിക്കടയില്‍ നാടകീയ രംഗങ്ങള്‍. മുൻകൂട്ടി ഓർഡർ ചെയ്ത പത്തിരി കൃത്യസമയത്ത് ലഭിക്കാത്തതിനെച്ചൊല്ലി ഉപഭോക്താക്കളും കടയുടമയും തമ്മില്‍ തർക്കമുണ്ടായി.

രാവിലെ മുതല്‍ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.

അപ്രതീക്ഷിതമായി പാചകവാതകം തീർന്നുപോയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് കടയുടമയുടെ വിശദീകരണം. സിലിണ്ടറുകള്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ പാചകം പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. എന്നാല്‍, വിരുന്നുകാർ വീട്ടിലെത്തുന്ന സമയമായിട്ടും പത്തിരി ലഭിക്കാത്തത് ഉപഭോക്താക്കളെ ചൊടിപ്പിച്ചു.

സംഭവം വഷളായതോടെ കടയ്ക്ക് മുന്നില്‍ വൻ ജനക്കൂട്ടം തടിച്ചുകൂടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് കായംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും രോഷാകുലരായ ആളുകളെ ശാന്തരാക്കാൻ ഏറെ പാടുപെട്ടു. പണം മുൻകൂട്ടി വാങ്ങിയിട്ടും കൃത്യസമയത്ത് സാധനം നല്‍കാതെ വഞ്ചിച്ചു എന്നാരോപിച്ച്‌ ഉപഭോക്താക്കള്‍ പോലീസിന് മുന്നിലും തർക്കം തുടർന്നു. ഒടുവില്‍ പലരും പത്തിരി വാങ്ങാതെ മടങ്ങി.