ഡോക്ടര്‍ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

കൊല്ലം: ഡ്യൂട്ടിക്കിടെ ഡോ. വന്ദനാ ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി കണ്ടെത്തി.

ഒരു വർഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് വിധി. പ്രതിക്ക് നല്‍കേണ്ട ശിക്ഷാവിധി ഡോക്ടര്‍ വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച കോടതി പ്രഖ്യാപിക്കും.

കേസില്‍ 70-ലധികം സാക്ഷികളെ വിസ്തരിച്ചു. വന്ദനയുടെ സുഹൃത്തുക്കളായ ഡോക്ടർമാരും പോലീസുകാരും ഉള്‍പ്പെടെയുള്ളവർ ഇതില്‍ ഉള്‍പ്പെടുന്നു. 207 രേഖകളും 22 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കി. ആശുപത്രിയില്‍ സന്ദീപ് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതിക്കെതിരെയുള്ള നിർണ്ണായക തെളിവായി കോടതി സ്വീകരിച്ചു.

2023 മെയ് 10-ന് പുലർച്ചെയാണ് കേരള മനഃസാക്ഷിയെ മരവിപ്പിച്ച കൊലപാതകം നടന്നത്. ചികിത്സയ്ക്കായി പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ച സന്ദീപ്, പ്രകോപിതനായി ഡ്രസിംഗ് റൂമിലെ സർജിക്കല്‍ കത്രിക ഉപയോഗിച്ച്‌ ആക്രമണം നടത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാരെയും ജീവനക്കാരെയും കുത്തി പരിക്കേല്‍പ്പിച്ച സന്ദീപ്, ഓടി രക്ഷപ്പെടാൻ കഴിയാതിരുന്ന വന്ദനയെ ക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു.

സ്കൂള്‍ അധ്യാപകനായിരുന്ന പ്രതി സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണെന്നും, യാതൊരു പ്രകോപനവുമില്ലാതെ നിരായുധയായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗം വാദം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തള്ളുകയായിരുന്നു.