പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

കേരം തിങ്ങുന്ന കേരള നാട്ടിൽ ശുദ്ധവും നിർമ്മലവുമായ വെളിച്ചെണ്ണ സുലഭമായിരുന്നപ്പോൾ പാമോയിൽ ഇറക്കുമതി ചെയ്ത് സാധുക്കളെ കബളിപ്പിച്ചും വഞ്ചിച്ചും കുടിപ്പിച്ചും ധനികരായ രാഷ്ട്രീയ കുതന്ത്രങ്ങൾ കേരളത്തിൽ വാണിരുന്നു. ശുദ്ധ വെളിച്ചെണ്ണ ശുദ്ധ നുണയുടെ പുറകിൽ പുറന്തള്ളപ്പെട്ടു. അങ്ങനെ പാമോയിൽ അകത്തു കയറി. കേരളത്തിൻ്റെ മണ്ണിലും ഇത് സ്ഥാനം പിടിച്ചു. ഇത് ഇറക്കുമതി ചെയ്തിയിരുന്നു.
ഇന്നുള്ള പല വേലകളും ഇറക്കുമതിയാണ്. ഗദ്തശമനയുടെ തോട്ടത്തിൽ നിന്ന് ഇടിച്ചെടുത്ത ശുദ്ധവും നിർമ്മലവുമായ പരിശുദ്ധാത്മാവിൻ്റെ എണ്ണ സുലഭമായി ഒഴുകിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഊത്തും വീഴ്ത്തലും തുമ്മലും ചീറ്റലും അവിടില്ലായിരുന്നു. ദൈവസഭകളിൽ ശുശ്രൂഷകൾ വെളിപ്പെട്ടു .പുതിയ എണ്ണ അവരുടെ പാത്രങ്ങളിൽ എന്നും പകരപ്പെട്ടിരുന്നു, ആ പാത്രങ്ങൾ ശുദ്ധവും,
വിശുദ്ധവുമായിരുന്നു.
ആദിമ വിശ്വാസികൾ പന്തങ്ങളായി ജ്വലിച്ചുകൊണ്ടിരുന്നു അവരുടെ വിളക്ക് കെട്ടുപോകാതെ. ഇത് എന്നും സൂക്ഷിച്ചു. കാരണം അവരുടെ എണ്ണ വ്യാജമായിരുന്നില്ല. നിർമ്മലവും പവിത്രവും ശുദ്ധവും ആയിരുന്നു അവരുടെ പാത്രങ്ങളിൽ പകരപ്പെട്ട എണ്ണ.
അവർ ചെന്ന ഇരുണ്ട ഇടനാഴികളിൽ എല്ലാം അവർ വെളിച്ചമായി പ്രകാശിച്ചു. പെന്തക്കോസ്തിൻ്റെ മുഖമുദ്രയായ പരിശുദ്ധമാവിൻ്റെ ശുദ്ധമായ എണ്ണ ഒഴുകുന്ന പ്രദർശന കേന്ദ്രങ്ങൾ ആയിരുന്നു ദൈവ സഭകൾ. അവിടെ അന്ന് ഒഴുകിയത് പാമോയിൽ അല്ല പരിശുദ്ധാത്മാവ് അത്രേ. പാമോയിൽ സുവിശേഷത്തിൽ പാട്ടുണ്ട്, പണക്കൊഴുപ്പ് ഉണ്ട്, എന്നാൽ പരിശുദ്ധാത്മാവിൻ്റെ ചലനമില്ല. കീബോർഡ് ഉണ്ട്, എന്നാൽ കാലൊച്ചയില്ല. വെളിച്ചമില്ലാത്ത വഴി വിളക്കുകൾ ആയി സഭകൾ ഇന്ന് മാറ്റപ്പെട്ടു. ഗേഹസി കാർമേഘം അവരെ കീഴടക്കി. പാടുമ്പോഴും പ്രാർത്ഥിക്കുമ്പോഴും എണ്ണയില്ലാത്ത വരൾച്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് നിമിത്തം വിഘടനവും വിദ്വേഷവും വർധിക്കുന്നു. പുകയും പൊട്ടിത്തെറിയും സാധാരണ സംഭവമായി മാറുന്നു.
ഇന്ന് നാം കാണുന്ന പരസ്യത്തിൽ മിടുക്കന്മാർ സിനിമാ ലോകത്തെ വെല്ലുന്ന കൂറ്റൻ കട്ടൗട്ടറുകളും ഫ്ലഷ് ബോർഡുകളും ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിക്കുന്നു. പ്രതാപത്തിൽ നാം ഉഗ്രന്മാർ സമ്പത്തുകളുടെ കൂമ്പാരം ഉണ്ട്. എന്നാൽ ശുദ്ധവും, നിർമ്മലവുമായ എണ്ണയുടെ ഉറവുകൾ വറ്റിക്കൊണ്ടിരിക്കുന്നു.
ഇറക്കുമതി ചെയ്ത പാമോയിലും കൊണ്ട് ഓടുകയാണ്. ചുറ്റിക്കറങ്ങുന്നു. കലർപ്പില്ലാത്ത എണ്ണത്തോടുകൾ കുറയുന്നു. മായം ചേർത്ത എണ്ണ മാർക്കറ്റിൽ എങ്ങും സുലഭം. ഇതിന് വില കുറവാണ്. കേവലം വന്നാൽ മാത്രം മതി. പെട്ടെന്ന് ധനികനാകാം. പെട്ടെന്ന് വിടുതൽ കിട്ടും ! പെട്ടെന്ന് കല്യാണം ! പെട്ടെന്ന് വിസ,പെട്ടെന്ന് കാർ ഇങ്ങനെ നീണ്ടു പോകുന്ന പെട്ടെന്നുകളുടെ പുറകെ മനുഷ്യൻ ഒടുകയാണ്.
എന്നാൽ ഓർക്കണം, ഒരു ദിവസം പെട്ടെന്ന് അവൻ വരും. എണ്ണയില്ലാത്ത വിളക്കുകൾ പുറന്തള്ളപ്പെടും. വ്യജന്മാർ പിടിക്കപ്പെടും.
ഇവിടുത്തെ യജമാനന്മാർക്ക് എണ്ണമാണ് പ്രാധാന്യം. എന്നാൽ നല്ല യജമാനന് എണ്ണമല്ല വിഷയം ഗുണവും മേന്മയുമാണ് പ്രാധാനം. ഓർഗാനിക് വിശ്വാസികളെയാണ് സ്വർഗ്ഗമന്വേഷിക്കുന്നത് ഒരുങ്ങിച്ചമഞ്ഞ് നടക്കുന്ന അഭിനയ വീരന്മാരെ അല്ല സ്വർഗ്ഗത്തിൻ്റെ കണ്ണുകൾ പരതുന്നത്. അവർ കൈവിടപ്പെട്ടു പോകും.
എണ്ണത്തെ വിട്ട് പോയവനാണ് നമ്മുടെ മിശിഹാ . ഒരെണ്ണത്തെ തേടി 99 നെ വിട്ടു കളഞ്ഞു. ഇന്നുള്ള ആത്മീയ വിദഗ്ധന്മാർ 99 ൽ പുകഴുമ്പോൾ വില കൊടുത്ത യജമാനൻ ഒന്നിനെ പരതുകയാണ്. തോട്ടത്തിൽ കളകൾ വളരുന്നതുപോലെ സഭകളുടെ എണ്ണം വർദ്ധിക്കുന്നു, പെരുകുന്നു. ഇതെല്ലാം ആയിട്ടും ഇന്ത്യയുടെ മണ്ണിൽ ക്രൈസ്തവർ രണ്ട് ശതമാനത്തിൽ താഴെ മാത്രം. കാരണം എന്താണ്? വിളക്കുകളിൽ നിന്ന് പ്രകാശം പരക്കുന്നില്ല, എണ്ണയില്ലാത്ത വിളക്കുകൾ ലോകത്തിന് നോക്കുകുത്തികളായ വഴിവിളക്ക് തണ്ടുകൾ അത്ര. ഇടിച്ചെടുത്ത എണ്ണയാണ് പുരോഹിതൻ കൈകളിൽ എടുത്തിരുന്നത്. ആധുനികതയുടെ പരിവേഷം ആലയങ്ങളിലേക്ക് തള്ളിക്കയറുവാൻ തുടങ്ങിയപ്പോൾ ഇടിച്ചെടുത്ത പുതിയ എണ്ണയുടെ ഉറവകൾ ഫെലിസ്ത്യർ മണ്ണിട്ടു നികത്തി. പകരം സുനാമി കണക്കേ ദേമാസ് ഉറവുകൾ ഒഴുകുവാൻ തുടങ്ങി.
പിതാക്കൻമാർ മുട്ടിന്മേലിരുന്ന് പ്രാപിച്ച എണ്ണ അവർ വറ്റിപ്പോകാതെ സൂക്ഷിച്ചു. ആ എണ്ണ അവരെ സ്വാന്തനപ്പെടുത്തി. അവരുടെ മുഖം കഷ്ടതയുടെ നടുവിലും അത് ശോഭയുള്ളതാക്കി മാറ്റി. ഇന്നലയുടെ ദിനങ്ങളിൽ എണ്ണയ്ക്ക് വില കൊടുക്കുവാൻ,മുട്ട് മടക്കുവാൻ ആളില്ല. എന്നാൽ മുങ്ങിയും, പൊങ്ങിയും, പറന്നും നടക്കുവാൻ ജനം തടിച്ച് കൂടുകയാണ്. എണ്ണം ചൂണ്ടിക്കാണിച്ചുകൊണ്ട് പുകഴുന്ന ഇവിടുത്തെ യജമാനന്മാർ ലജ്ജിക്കും. നിർമ്മലവും, ശുദ്ധവുമായ ഗദ്ശമനയിൽ ഇടിച്ചെടുത്ത തെളിവുള്ള എണ്ണ പക്കൽ ഉണ്ടോ എന്ന് പരിശോധിക്കുക? ഇല്ലെങ്കിൽ പതനം ആസന്നമത്ര.



