ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് ആക്രമണത്തിൽ തീപിടിച്ചു. തീയണയ്ക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി. സംഭവത്തിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

ഇറാനും-യുഎസ്, ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ തുടർച്ചയായി ഡ്രോണുകളും മിസൈലുകളുമയയ്ക്കുന്നുണ്ട്. യുഎസും ഇസ്രയേലും ഇറാനിൽ ആക്രമണം നടത്തുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളും യുഎസുമായി ബന്ധമുള്ള കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ ആക്രമണ ശ്രമങ്ങൾ നടത്തുന്നു. ഇവയെ ഗൾഫ് രാജ്യങ്ങൾ വെടിവെച്ചിടുന്നുണ്ട്.

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽകൂടി മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണസംഭരണ ശാലയിൽനിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ആണ് എണ്ണ നിറച്ചശേഷം പുറപ്പെട്ടത്. 80,800 ടൺ മർബൻ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. എണ്ണനിറയ്ക്കുമ്പോഴായിരുന്നു ഫുജൈറയിൽ ഇറാന്റെ ഡ്രോണാക്രമണം. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. മേഖലയിൽനിന്ന് 2 കപ്പലുകൾ നേരത്തെ ഇന്ത്യയിൽ എത്തിയിരുന്നു.