ഇറാന്‍റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ ബോംബിട്ടെന്നു ട്രംപ്: മൊജ്തബയെ പിടിക്കാൻ പാരിതോഷികം

ഇറാന്‍റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ അമേരിക്കന്‍ സൈന്യം കനത്ത നാശം വിതച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

വേണ്ടി വന്നാല്‍ ഖാര്‍ഗിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തച്ചുടയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്‍റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യപ്പെടുന്നത് ഖാര്‍ഗിലാണ്. ‘മധ്യപൂര്‍വ ദേശത്ത് ഇന്ന് വരെ നടത്തിയിട്ടുള്ളതില്‍ അതിശക്തമായ ബോംബാക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തി. ഇറാന്‍റെ ഖാര്‍ഗിലുള്ള എല്ലാ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചു’ എന്നാണ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.

അതേസമയം ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കരുതെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നുെവന്നും എന്നാല്‍ ഹോര്‍മുസിലൂടെ കപ്പലുകളുടെ സുഗമമായ സഞ്ചാരം തടസപ്പെടുത്തുന്ന സ്ഥിതി ഇറാന്‍റെ ഭാഗത്ത് നിന്നോ മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്നോ ഉണ്ടായാല്‍ ആ തീരുമാനം വേണ്ടെന്ന് വയ്ക്കാന്‍ താന്‍ മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള ബന്ധം വഷളായി തുടരുമ്പോഴും യുഎസും ഇസ്രയേലും ഖാര്‍ഗിലേക്ക് കൈകടത്താന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഖാര്‍ഗ് തകര്‍ക്കുകയാണ് ഈ യുദ്ധത്തിലെ തന്ത്രപ്രധാനമായ ലക്ഷ്യങ്ങളിലൊന്നെന്ന് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ വെളിപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുഷൈര്‍ പ്രവിശ്യയില്‍ 30 കിലോമീറ്ററിലായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാന്‍ഹട്ടന്‍റെ മൂന്നിലൊന്ന് വരുന്ന പ്രദേശത്തുണ്ടാകുന്ന ഏതൊരു നീക്കവും അതീവ ഗുരുതരമായ പ്രത്യാഘാതമാകും സൃഷ്ടിക്കുകയെന്നതില്‍ തര്‍ക്കമില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഖാര്‍ഗില്‍ അമേരിക്ക നടത്തിയ ആക്രമണം ഇറാന്‍റെ ക്രൂഡ് ഓയില്‍ കയറ്റുമതിയെ കാര്യമായി ബാധിക്കുമെന്നും ഇത് ഹോര്‍മുസിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നാണ് ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോര്‍മുസിലെ എണ്ണക്കപ്പലുകള്‍ക്ക് യുഎസ് സൈന്യം അകമ്പടി പോകുമെന്നും വ്യാപാരം പഴയത് പോലെയാക്കുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്കയിലും ഗ്യാസിന്‍റെ വില കുതിച്ചുയരുകയാണ്.

അതേസമയം ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിയെ ഇല്ലാതാക്കാനുള്ള നീക്കം തുടരുകയാണ് യുഎസ്. മൊജ്തബയെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരിക്കയാണ്. ഇറാൻ നേതാക്കളെ കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 10 മില്യൻ ഡോളർ (ഏകദേശം ഇന്ത്യൻ രൂപ 92 കോടിയിലേറെ) ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറാനില്‍ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ മൊജ്തബ അലി ഖമനയിക്ക് ഗുരുതരമായി പരിക്കേറ്റെന്ന അവകാശവാദവുമായി അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.ആയത്തുള്ള അലി ഖമനയി വധിക്കപ്പെട്ട ആക്രമണത്തിലാണ് മൊജ്തബയ്ക്കും പരിക്കേറ്റത് എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ അവകാശവാദം. ആക്രമണത്തില്‍ മൊജ്തബയുടെ കാലുകള്‍ നഷ്ടപ്പെട്ടുവെന്നും, വയറിനോ കരളിനോ ഗുരുതരമായി പരിക്കേറ്റു എന്നുമാണ് ഹെഗ്‌സെത്ത് പറയുന്നത്.