ഇറാൻ വനിതാ ദേശീയ ഫുട്ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് അഭയം നല്‍കാൻ അമേരിക്ക തയ്യാറെന്ന് പ്രഖ്യാപനം

വാഷിങ്ടണ്‍ : ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോള്‍ ടൂർണമെന്റിനിടെ ടീം ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ട ഇറാൻ വനിതാ ദേശീയ ഫുട്ബോള്‍ ടീമിലെ അംഗങ്ങള്‍ക്ക് അഭയം നല്‍കാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

പ്രതിഷേധ സാഹചര്യത്തില്‍ താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കുന്നത് ദുരന്തത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യല്‍’വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടൂർണമെന്റിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇറാന്റെ ദേശീയഗാനം ആലപിച്ചപ്പോള്‍ മൗനം പാലിച്ച താരങ്ങളാണ് പ്രതിസന്ധിയിലായത്. താരങ്ങളുടെ നടപടി രാജ്യദ്രോഹമാണെന്ന് ഇറാന്റെ ആഭ്യന്തര തലത്തിലുള്ള തീവ്രവാദ വിഭാഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീമിലെ അഞ്ച് അംഗങ്ങള്‍ ഹോട്ടലില്‍ നിന്നും മാറിയത്. ഇറാനില്‍ തിരിച്ചെത്തിയാല്‍ ഇവർ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന ഭയത്തിലാണ്.

വിഷയം അന്താരാഷ്ട്ര തലത്തില്‍ ചർച്ചയായതോടെയാണ് അമേരിക്കയുടെ ഇടപെടല്‍. ഈ താരങ്ങളെ ഇറാനിലേക്ക് തിരിച്ചയക്കാൻ നിർബന്ധിക്കുന്നത് വലിയ തെറ്റാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഇറാൻ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ട്. ഓസ്‌ട്രേലിയൻ പ്രൈം മിനിസ്റ്റർ ആന്റണി അല്‍ബനീസിനെ ഫോണില്‍ വിളിച്ച ട്രംപ്, ടീം അംഗങ്ങളെ തിരിച്ചയക്കരുതെന്നും അഭയം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയ തയ്യാറല്ലെങ്കില്‍ അമേരിക്ക അവരെ സ്വീകരിക്കാൻ തയ്യാറാണെന്നും ട്രംപ് കുറിച്ചു.