ഒഡീഷയില്‍ പള്ളിക്കു നേരേ ആക്രമണം; അള്‍ത്താര തകര്‍ത്ത് ബൈബിള്‍ കത്തിച്ചു

ഭുവനേശ്വർ: ഒഡീഷയില്‍ കത്തോലിക്കാ ദേവാലയത്തിനുനേരേ ആക്രമണം. റായഗഡ ജില്ലയിലെ ദെംഗാസ്വാർഗി ഗ്രാമത്തിലെ സെന്റ് പൗള മോണ്ടെല്‍ പള്ളിക്കു നേരേയാണ് കഴിഞ്ഞദിവസം തീവ്ര ഹിന്ദുത്വവാദികളായ ഗ്രാമവാസികള്‍ ആക്രമണം നടത്തിയത്.

പള്ളിയുടെ മുഖവാരം തകർത്ത അക്രമിസംഘം വാതില്‍ തല്ലിത്തകർത്ത് അകത്തുകയറി അള്‍ത്താരയും തിരുസ്വരൂപങ്ങളും നശിപ്പിക്കുകയും കുരിശും ബൈബിളും കുര്‍ബാനയ്ക്കുള്ള തിരുവസ്ത്രങ്ങളും മറ്റും പുറത്തേക്കു കൊണ്ടുപോയി തീയിടുകയും ചെയ്തു.

സംഭവദിവസം രാത്രി ഏഴോടെ ഒരുസംഘം ഗ്രാമവാസികള്‍ സംഘടിച്ചെത്തി ഗ്രാമത്തില്‍ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് റായഗഡയിലെ കത്തീഡ്രല്‍ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു.

ഭയപ്പെട്ട കുടുംബാംഗങ്ങള്‍ തങ്ങള്‍ ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ വീടുകള്‍ക്കു പുറത്തിറങ്ങാൻ തയാറായില്ല. ഇതോടെ പിന്തിരിഞ്ഞുപോയ അക്രമിസംഘം രാത്രി ഒന്പതോടെ സ്ഥലത്തെ പള്ളിയില്‍ സംഘടിച്ചെത്തി അതിക്രമം നടത്തുകയായിരുന്നു.

പള്ളിയുടെ പ്രധാന വാതില്‍ തല്ലിത്തകർത്ത് അകത്തു കടന്ന സംഘം അള്‍ത്താരയില്‍ അതിക്രമം നടത്തുകയും മൂന്നു തിരുസ്വരൂപങ്ങളും കുരിശും കുരിശിന്റെ വഴിയുടെ ചിത്രങ്ങളും തകർക്കുകയും ചെയ്തു. വിശുദ്ധ വസ്ത്രങ്ങളും ബൈബിളും മറ്റ് പൂജ്യവസ്തുക്കളും പുറത്തേക്ക് കൊണ്ടുപോയി തീയിടുകയും ചെയ്തു. പള്ളിക്കുള്ളിലെ കസേരകള്‍, ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ തല്ലിത്തകർത്ത അക്രമിസംഘം പള്ളിപ്പരിസരത്തെ കുഴല്‍ക്കിണർ അശുദ്ധമാക്കി.

റായഗഡ് ബിഷപ് ആപ്ലിനാർ സേനാപതിയുടെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഒരു ക്രൈസ്തവ വിശ്വാസി സംഭാവന ചെയ്തതാണെങ്കിലും പള്ളി നിർമിച്ചത് അനധികൃതമായാണെന്ന് നേരത്തേ മുതല്‍ ഒരുസംഘം ഹിന്ദുത്വവാദികള്‍ ആരോപണമുന്നയിച്ചിരുന്നു. കൂടാതെ ക്രൈസ്തവർ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും മിഷൻ പ്രദേശത്തെ സിസ്റ്റേഴ്സ് അടുത്തിടെ തങ്ങളുടെ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷിച്ചതുമാണ് തീവ്ര ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.

പോലീസിന്റെ നേതൃത്വത്തില്‍ ഇരു സമുദായങ്ങളുടെയും പ്രതിനിധികള്‍ ചേർന്നു സമാധാനസമിതി രൂപീകരിച്ചിട്ടുണ്ട്.

ക്രൈസ്തവ കുടുംബങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അധികൃതർ ഉറപ്പു നല്‍കിയതായി സഭാ വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമത്തില്‍ പോലീസ് സാന്നിധ്യം തുടരും.

ക്രൈസ്തവർക്ക് പള്ളിയില്‍ ആരാധന നടത്താൻ അനുമതി നല്‍കുമെന്നും അധികൃതർ ഉറപ്പുനല്‍കി. താത്കാലിക ക്രമീകരണമെന്ന നിലയില്‍ ഗ്രാമത്തിലെ തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.