ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് പ്രഖ്യാപനവുമായി ഇറാൻ. ഇറാന്റെ ഇടക്കാല നേതൃകൗണ്‍സിലാണ് ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം നിർത്തുകയാണെന്നും തങ്ങള്‍ക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കില്‍ അയല്‍ രാജ്യങ്ങളെ തങ്ങള്‍ ആക്രമിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രൂപീകരിച്ച ഇടക്കാല നേതൃസമിതി ആണ് അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന നിർണായക തീരുമാനം അംഗീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലടക്കം നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ മസൂദ് പെസെഷ്കിയാൻ പരസ്യമായി മാപ്പ് പറഞ്ഞു. സേനയ്ക്കുള്ളിലെ ആശയവിനിമയത്തിലുണ്ടായ പിഴവുകള്‍ കാരണമാണ് അയല്‍രാജ്യങ്ങള്‍ ലക്ഷ്യമിടപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു രാജ്യത്തുനിന്നോ ആ രാജ്യത്തെ സൈനിക താവളങ്ങളില്‍ നിന്നോ ഇറാനെതിരെ ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇനി തിരിച്ചടി ഉണ്ടാവുകയുള്ളൂ എന്ന് പ്രസിഡൻ്റ് വ്യക്തമാക്കി.
കീഴടങ്ങാന്‍ ഒരുക്കമല്ലെന്ന് പെസഷ്കിയാന് പറഞ്ഞു. ഭിന്നതകള്‍ മാറ്റിവെച്ച് രാജ്യസുരക്ഷക്ക് ജനങ്ങള്‍ ഒന്നിച്ച് പൊരുതും. പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഇറാനികള്‍ അവസാനശ്വാസം വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ ഇറാൻ അയല്‍രാജ്യങ്ങളായ സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് മിസൈലുകള്‍ തൊടുത്തിരുന്നു. മേഖലയിലെ സംഘർഷം കുറയ്ക്കാനുള്ള ആദ്യ ചുവടുവെപ്പായാണ് ഇറാൻ്റെ ഈ പുതിയ പ്രഖ്യാപനത്തെ ലോകരാജ്യങ്ങള്‍ വീക്ഷിക്കുന്നത്.



