കുവൈറ്റ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈറ്റ് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകള്‍.
കുവൈറ്റിലെ മുബാറക് അല്‍ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം.
കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകള്‍. അതേസമയം, ടാങ്കറില്‍ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നുവെന്നും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു.
കപ്പലിന്റെ ഇടത് ഭാഗത്ത് വലിയൊരു സ്ഫോടന ശബ്ദം കേള്‍ക്കുകയും, തൊട്ടു പിന്നാലെ ഒരു ചെറിയ ബോട്ട് വേഗത്തില്‍ പോകുന്നത് കണ്ടുവെന്നും കപ്പലിലെ ജീവനക്കാരെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, തങ്ങളുടെ ഔദ്യോഗിക സമുദ്രപരിധിക്ക് പുറത്താണ് കപ്പലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



