പശ്ചിമേഷ്യൻ ആശങ്ക: ഒമാൻ തുറമുഖത്തും സ്ഫോടനം, എണ്ണക്കപ്പല്‍ ആക്രമിച്ചു

ദുബായി: പശ്ചിമേഷ്യയെ ആശങ്കകളുടെ മുള്‍മുനയിലാഴ്ത്തി ഇറേനിയൻ ആക്രമണം തുടരുന്നു. യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവില്‍ ആക്രമണമുണ്ടായത്.

ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയില്‍ ടാങ്കർ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ജീവനക്കാരെ രക്ഷപ്പെടുത്തി. 15 ഇന്ത്യക്കാർ, അഞ്ച് ഇറാൻ പൗരന്മാർ എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നാല് ജീവനക്കാർക്ക് പരിക്കേറ്റു.

ദുഖും തുറമുഖത്ത് ജോലിക്കാരുടെ താമസസ്ഥലത്തും ഇന്ധന ടാങ്കിനു സമീപവും ഡ്രോണുകള്‍ പതിച്ചുണ്ടായ സ്ഫോടനങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

സംഭവത്തെ അപലപിച്ച ഒമാൻ, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുബായിയില്‍ രണ്ട് വീടുകളില്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച്‌ രണ്ടു പേർക്ക് പരിക്കേറ്റു. ദോഹയിലെ ഇൻഡസ്ട്രിയില്‍ ഏരിയയില് തീപിടിത്തമുണ്ടായി. ബഹ്റൈനിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിന് നേരെയും ആക്രമണമുണ്ടായി.