കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു; തിരുവനന്തപുരത്തേക്ക് പുലര്‍ച്ചെ യാത്ര തിരിച്ചു

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജ് ഇന്നു പുലർച്ചെ 4 മണിക്ക് കാർമാർഗം തിരുവനന്തപുരത്തേക്ക് മടങ്ങി.

നില മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഡിസ്ചാർജ്.

ഇന്നലെ രാത്രി ഓണ്‍ലൈനായി ചേർന്ന മെഡിക്കല്‍ബോർഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. രക്തസമ്മർദ്ദം ഉള്‍പ്പെടെയുള്ള സൂചനകള്‍ സാധാരണ നിലയിലെത്തി. മന്ത്രി തന്നെ ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു.

കഴുത്തിലെ കശേരുക്കള്‍ക്കിടയിലെ ഡിസ്കുകളില്‍ രണ്ടിടത്ത് അമർന്നുള്ള സമ്മർദ്ദമാണ് പരിക്കിന് കാരണം. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടർനിരീക്ഷണവും ചികിത്സയും ഉണ്ടാകും. ശരീരവേദന തുടരുന്നുണ്ടെങ്കിലും യാത്രയ്ക്ക് തടസ്സമില്ലെന്നാണ് മെഡിക്കല്‍ബോർഡിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍.