കാബൂള്‍: പാകിസ്ഥാന്റെ വ്യോമാക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാൻ. വ്യാഴാഴ്ച രാത്രി നംഗർഹാർ, പക്ടിക പ്രവിശ്യകളില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടങ്ങിയതായി അഫ്ഗാൻ സൈന്യം അറിയിച്ചു.
പാക് ആക്രമണത്തിനുള്ള പ്രത്യാക്രമണമാണിതെന്നും താലിബാൻ ഭരണകൂടം വ്യക്തമാക്കുന്നു.
ഫെബ്രുവരി 22ന് പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് മേഖലയില്‍ സംഘർഷം രൂക്ഷമായത്. അഫ്ഗാൻ അതിർത്തിയില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണം 7 ഭീകരതാവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു എന്നും 70 ഭീകരർ കൊല്ലപ്പെട്ടു എന്നും പാക് സൈന്യം അവകാശപ്പെട്ടു.
എന്നാല്‍, പാകിസ്ഥാന്റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സാധാരണക്കാരാണ് കൊല്ലപ്പെട്ടത് എന്നാണ് താലിബാൻ വാദം. ജനവാസ മേഖലകളിലും മദ്രസകളിലും ബോംബുകള്‍ വീണെന്നും താലിബാൻ വെളിപ്പെടുത്തി. ഇസ്ലാമാബാദിലെ ഷിയാ പള്ളി ചാവേർ ആക്രമണം ഉള്‍പ്പെടെ ഭീകരപ്രവർത്തനങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാനിലെ ഭീകര സംഘങ്ങളെന്നാണ് പാകിസ്ഥാന്റെ ആരോപണം.
പാകിസ്ഥാന്റെ ഭീകരവാദ വാദം തെറ്റെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. സ്വന്തം സുരക്ഷാ പരാജയങ്ങള്‍ മറയ്ക്കാനാണ് ഇത്തരമൊരു ആരോപണം പാകിസ്ഥാൻ ഉയർത്തുന്നത് എന്നാണ് സബീഹുല്ല മുജാഹിദ് കുറ്റപ്പെടുത്തുന്നത്.



