കൊച്ചി: കേരളത്തെയും മുസ്ലിം മതവിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്ന ‘ദി കേരള സ്റ്റോറി 2 -ഗോസ് ബിയോൺഡ്’ എന്ന സിനിമയുടെ റിലീസ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച സിനിമ പുറത്തിറക്കാനുള്ള നിർമാതാക്കളുടെ നീക്കം കോടതി സ്റ്റേ ചെയ്തു.
15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ ദിവസത്തിനുള്ളില്‍ സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കണ്ട് പ്രദര്‍ശനാനുമതിയുടെ സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും സ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
സിനിമ കോടതിക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽനിന്ന് നിർമാതാക്കൾ ഒഴിഞ്ഞുമാറിയതിനെ കോടതി വിമർശിച്ചു. ‘കേരള സ്റ്റോറി’യുടെ ഒന്നാം ഭാഗവും വിദ്വേഷം പരത്തുന്നതായിരുന്നു. അതിനാല്‍ രണ്ടാംഭാഗം കൂടി പ്രദര്‍ശിപ്പിച്ചാല്‍ കേരളത്തിന്‍റെ മതസൗഹാര്‍ദത്തെ ബാധിക്കാമെന്നും ഹര്‍ജിക്കാരുടെ വാദങ്ങളില്‍ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി ഫ്രാന്‍സിസുമാണ് കേരള സ്റ്റോറി 2 സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹർജി നല്‍കിയത്.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണോ സിനിമ നിർമിച്ചതെന്ന് ഹെെക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ നിർമാതാക്കളോട് ചോദിച്ചിരുന്നു. മതേതരത്വത്തിന്റെ നാടാണ് കേരളം. സൗഹാർദപരമായാണ് ഇവിടെ എല്ലാവരും ജീവിക്കുന്നത്. അതിനാൽ ജനങ്ങളുടെ ആശങ്ക കാണാതിരിക്കാനാകില്ലെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. കേരളത്തെക്കുറിച്ചുള്ള തെറ്റായ പരാമർശങ്ങൾ ജനങ്ങളുടെ വികാരം വ്രണപ്പെടുത്താം. സമൂഹത്തിന്റെ പ്രതിച്ഛായയെയും ബാധിക്കും. അക്കാര്യം പരിഗണിച്ചിരുന്നോയെന്നും സെൻസർ ബോർഡിനോട് കോടതി ചോദിച്ചിരുന്നു.



