ടെല്‍ അവീവ്: ഇസ്രായേല്‍ പാർലമെന്റായ ‘നെസെറ്റിനെ’ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇസ്രേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി മേഖലയിലെ സമാധാനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും വ്യക്തമാക്കി. ഭീകരവാദത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒക്ടോബർ 7-ന് ഇസ്രായേലിന് നേരെ നടന്ന ഹമാസ് ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. “ഭീകരവാദം മാനവികതയ്ക്ക് ഭീഷണിയാണ്, അതിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇസ്രായേലിനൊപ്പം തന്നെ സ്വതന്ത്രവും പരമാധികാരമുള്ളതുമായ പലസ്തീൻ രാഷ്ട്രം വേണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. ചർച്ചകളിലൂടെയും സമാധാനത്തിലൂടെയും മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കേവലം നയതന്ത്രപരമല്ലെന്നും അത് പരസ്പര വിശ്വാസത്തിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമാണെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ ജൂത സമൂഹത്തെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഗാസയിലെ മാനുഷിക പ്രതിസന്ധിയില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും നല്കാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടൊപ്പം നെസെറ്റിലെത്തിയ മോദിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സാങ്കേതിക സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രിയുടെ അഭിസംബോധന കേള്‍ക്കുന്നതിന് ഇസ്രേലിന്റെ പ്രതിപക്ഷ പാർട്ടികള്‍ ഉള്‍പ്പെടെ സന്നിഹിതരായിരുന്നു.



