കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ശസ്ത്രക്രിയ നടന്നത്. വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് ഉടൻ തന്നെ കൈമാറി.
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് ശസ്ത്രക്രിയ നടന്നത്. നിലവില്‍ ഈ വിഷയത്തില്‍ നിയമനടപടികള്‍ തുടരുന്നതിനാലാണ് സർക്കാർ ഡോക്ടർമാരുടെ നിരീക്ഷണം ഉറപ്പാക്കിയത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളമുള്ളതും അറ്റം വളഞ്ഞതുമായ ആർട്ടെറി ഫോർസെപ്‌സ് ആണ് വയറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇത് രജിസ്റ്റർ ചെയ്ത കേസിലെ നിർണ്ണായകമായ തൊണ്ടിമുതലാണ്.
അഞ്ച് വർഷം മുമ്പ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന ഗർഭാശയം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് ഈ കത്രിക വയറ്റില്‍ കുടുങ്ങിയത്. പുന്നപ്ര സ്വദേശിനിയായ ഉഷ അഞ്ച് വർഷമായി അനുഭവിക്കുന്ന കഠിനമായ വേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ അനാസ്ഥ പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ശസ്ത്രക്രിയയുടെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയില്‍ സമർപ്പിക്കും. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, മന്ത്രി വീണാ ജോർജിന്റെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ റീത്ത് പ്രതിഷേധത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോർട്ട്. സതീശൻ നടത്തുന്ന ‘പുതുയുഗയാത്ര’ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ കരിങ്കൊടി പ്രതിഷേധത്തിനും അതിക്രമങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കുന്ന മുന്നറിയിപ്പ്.
കന്റോണ്‍മെന്റ് ഹൗസിലെ ഔദ്യോഗിക വസതി, പറവൂരിലെ സ്വകാര്യ വസതി, സതീശന്റെ എംഎല്‍എ ഓഫീസ്, പുതുയുഗയാത്രയുടെ ഭാഗമായുള്ള പൊതുപരിപാടികളും താമസസ്ഥലങ്ങളും ഉള്‍പ്പെടെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. സിപിഎം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്താൻ സാധ്യതയുള്ളതിനാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാൻ കർശന സുരക്ഷാ മുൻകരുതല്‍ എടുക്കാൻ പോലീസിന് നിർദ്ദേശം നല്‍കി.
ആരോഗ്യമന്ത്രിയുടെ വീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റീത്ത് വെച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിഷേധം നടക്കുമെന്ന് മുൻകൂട്ടി വിവരമുണ്ടായിട്ടും സമരം തുടങ്ങി 15 മിനിറ്റിന് ശേഷമാണ് കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തിയത്. മുപ്പതോളം പ്രതിഷേധക്കാരെ തടയാൻ വിരലിലെണ്ണാവുന്ന പോലീസുകാരെ മാത്രമാണ് നിയോഗിച്ചിരുന്നത്. സുരക്ഷാവീഴ്ചയെക്കുറിച്ച് കന്റോണ്‍മെന്റ് എസിപിയോട് പോലീസ് കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ റീത്ത് പ്രതിഷേധം കോണ്‍ഗ്രസിന്റെയോ തന്റെയോ ശൈലിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ വസതിയിലെ അതിക്രമം സതീശന്റെ നിർദ്ദേശപ്രകാരമാണെന്ന മന്ത്രിമാരുടെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരുടെ വീട്ടില്‍ റീത്ത് വെക്കാൻ പറയലല്ല എന്റെ ജോലി. റീത്ത് വെക്കുന്നതും കൊലവിളി നടത്തുന്നതുമായ രീതികള്‍ യുഡിഎഫിന്റേതല്ല, സതീശൻ വ്യക്തമാക്കി. തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്‌ഐ പ്രവർത്തകർ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. അത് മന്ത്രിമാരുടെ നിർദ്ദേശപ്രകാരമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
അന്ന് ആക്രമണം നടത്തിയവർക്കെതിരെ നടപടി എടുക്കുന്നതിന് പകരം, തന്റെ വീട്ടില്‍ നിവേദനം നല്‍കാൻ വന്നവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ വസതിയില്‍ റീത്ത് വെച്ച സംഭവമാണ് വിവാദമായത്. ഇത് വി.ഡി. സതീശന്റെ തിരക്കഥയാണെന്ന് മന്ത്രി വീണാ ജോർജും വി. ശിവൻകുട്ടിയും ആരോപിച്ചിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പത്തനംതിട്ടയില്‍ മന്ത്രി പങ്കെടുത്ത യോഗം സംഘർഷത്തില്‍ കലാശിച്ചപ്പോള്‍, തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പത്തനംതിട്ട ടൗണ്‍ഹാളില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലാണ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധവുമായെത്തിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രി ജില്ലാ പഞ്ചായത്തിന് കീഴിലാക്കിയ നടപടിയും വണ്ടാനത്തെ ചികിത്സാപ്പിഴവുമാണ് പ്രതിഷേധത്തിന് കാരണമായത്.
യുഡിഎഫ് പ്രതിനിധികളുടെ പ്രതിഷേധത്തെ എല്‍ഡിഎഫ് പ്രവർത്തകർ പ്രതിരോധിച്ചതോടെ യോഗം അലങ്കോലമായി. ഇരുവിഭാഗവും തമ്മില്‍ കൂക്കിവിളിയും കയ്യാങ്കളിയുമുണ്ടായതോടെ യോഗം നിർത്തിവെച്ചു. സ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പ്രതിഷേധത്തിനിടെ മാധ്യമങ്ങള്‍ക്കെതിരെയും മന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു.
തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേരിട്ടുള്ള നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയമെന്ന ഭയമാണ് എന്നും മന്ത്രി ആരോപിച്ചു. ആരോഗ്യമന്ത്രിയെന്ന നിലയില്‍ ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്നും അവർ ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രിയല്ല സർജറി നടത്തുന്നത്. ഈ അതിക്രമം വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തതാണ്. ഇത്തരം നാടകങ്ങളിലൂടെ കോണ്‍ഗ്രസിന്റെ പരാജയഭീതിയാണ് പുറത്തുവരുന്നത്, മന്ത്രി പറഞ്ഞു.
വണ്ടാനം മെഡിക്കല്‍ കോളേജ് സംഭവത്തില്‍ ഒരു തരത്തിലുള്ള ചികിത്സാ പിഴവും സർക്കാർ അംഗീകരിക്കില്ല. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. സർക്കാർ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികള്‍ മോശമാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. സ്വകാര്യ ആശുപത്രി മേഖലയിലെ വൻകിട നിക്ഷേപകരെ സഹായിക്കാനാണ് വി.ഡി. സതീശനും കൂട്ടരും ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതും റീത്ത് വെച്ചതും. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചില്‍ പൊലീസ് വാഹനം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ വസതിക്ക് മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടെയാണ് സംഘർഷമുണ്ടായത്. അറസ്റ്റ് ചെയ്ത പ്രവർത്തകരെ കൊണ്ടുപോകാതിരിക്കാൻ വനിതാ പ്രവർത്തകർ പൊലീസ് വാഹനത്തിന് മുന്നില്‍ കയറി നിന്ന് തടസ്സമുണ്ടാക്കി. ഇതിനിടെ പൊലീസ് വാഹനം മുന്നോട്ട് എടുത്തപ്പോള്‍ പ്രതിഷേധക്കാരിലൊരാളായ യുവതി നിലത്തുവീഴുകയും ഇവർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടഞ്ഞതിനും വാഹനങ്ങള്‍ തടഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഉള്ളില്‍ കടന്ന പ്രവർത്തകർ വാതിലിന് മുന്നില്‍ റീത്ത് വെച്ചു. തൈക്കാട് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ മന്ത്രിയുടെ വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറി. സംഭവസമയത്ത് രണ്ട് പോലീസുകാർ മാത്രമാണ് വസതിയില്‍ ഉണ്ടായിരുന്നത്. സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വസതിക്ക് മുന്നില്‍ കരിങ്കൊടി ഉയർത്തിയ പ്രവർത്തകർ സർക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പിന്നീട് പുറത്തിറങ്ങിയ ഇവർ ഗേറ്റിന് മുന്നില്‍ പ്രതിഷേധം തുടർന്നു. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി.



