തലയ്ക്ക് മൂന്ന് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ് സുരേഷ് കോഡ എന്ന മുസ്തകിം കീഴടങ്ങിയതോടെ ബീഹാർ ‘നക്സല്‍ വിമുക്ത’മായതായി ബീഹാർ പോലീസ്.
ബുധനാഴ്ച മുംഗർ ജില്ലയില്‍ വെച്ച് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന് (എസ്ടിഎഫ്) മുന്നിലാണ് കോഡ കീഴടങ്ങിയതെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. യുഎപിഎ (UAPA) നിയമപ്രകാരം ചുമത്തിയ കേസുകള്‍ ഉള്‍പ്പെടെ കുറഞ്ഞത് 60 കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
മൂന്ന് അസാള്‍ട്ട് റൈഫിളുകള്‍, നൂറുകണക്കിന് വെടിയുണ്ടകള്‍, മാഗസിനുകള്‍, കുറച്ച് പണം എന്നിവയുമായാണ് കോഡ അധികൃതർക്ക് മുന്നില്‍ കീഴടങ്ങിയത്. കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായുള്ള ‘ആത്മസമർപ്പണ്‍ സഹ പുനർവാസ് യോജന’ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതിനെത്തുടർന്നാണ് കീഴടങ്ങലെന്ന് പോലീസ് അറിയിച്ചു.
പദ്ധതി പ്രകാരം, കോഡയുടെ തലയ്ക്ക് നിശ്ചയിച്ചിരുന്ന തുകയ്ക്ക് തുല്യമായ 3 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ 5 ലക്ഷം രൂപയുടെ ഇൻസെന്റീവും 36 മാസത്തേക്ക് തൊഴില്‍ പരിശീലനത്തിനായി പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡും അദ്ദേഹത്തിന് ലഭിക്കും. കോഡയുടെ കീഴടങ്ങലോടെ ബീഹാറിലെ നക്സല്‍ ശൃംഖല തകർന്നുവെന്നും സംസ്ഥാനം മുഴുവൻ നക്സല്‍ വിമുക്തമായെന്നും പ്രസ്താവനയില്‍ പറയുന്നു.



