സംസ്ഥാന സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് ‘സൗജന്യ’ങ്ങള്‍ക്കെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുമ്പുള്ള സംസ്ഥാന സർക്കാരുകളുടെ ‘സൗജന്യ’ങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.

“സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി” എന്നിവ വാഗ്ദാനം ചെയ്യുന്നത് തുടർന്നാല്‍ യഥാർഥ വികസനത്തിന് അവർ എങ്ങനെ ധനം കണ്ടെത്തുമെന്നും കോടതി ചോദിച്ചു.

വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും പണമില്ലെന്ന് പരാതിപ്പെടുന്നതിനിടയിലും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാനുള്ള തമിഴ്‌നാട്ടിലെ പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ നിർദേശമാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ബജറ്റ് കമ്മി നേരിടുമ്പോഴും സംസ്ഥാന സർക്കാരുകള്‍ വിവിധ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും സബ്‌സിഡി നല്‍കുന്നതിന് കോടിക്കണക്കിന് ചെലവഴിക്കുന്നതിനെക്കുറിച്ചും കോടതി ചൂണ്ടിക്കാണിച്ചു.

പണം നല്‍കാൻ കഴിവുള്ളവർക്കും ഇത്തരം സൗജന്യങ്ങള്‍ നല്‍കുന്നതിലൂടെ ജോലി ചെയ്യാത്തതിന് പ്രതിഫലം നല്‍കുന്ന ഒരു സംസ്കാരം സൃഷ്ടിച്ചുള്ളതായും കോടതി പറഞ്ഞു. രാവിലെ മുതല്‍ സൗജന്യ ഭക്ഷണം,സൗജന്യ സൈക്കിള്‍, സൗജന്യ വൈദ്യുതി ഇങ്ങൻെ കൊടുത്ത് ഇപ്പോള്‍ ആളുകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.

വിദ്യാഭ്യാസത്തിനുള്ള ചെലവ് താങ്ങാൻ കഴിയാത്ത കുട്ടികളുണ്ട്. അപ്പോള്‍ സംസ്ഥാനം നല്‍കണം. അത് സംസ്ഥാനത്തിൻ്റെ കടമയാണ്. എന്നാല്‍ ഇത് താങ്ങാൻ കഴിവുള്ളവരുടെ കൈകളിലേക്കാണ് ആദ്യം സൗജന്യമെത്തുന്നത്. ഓരോ സംസ്ഥാനത്തിൻ്റെയും വരുമാനത്തിൻ്റെ നാലിലൊന്ന് ഭാഗമെങ്കിലും വികസന പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവ വികസിപ്പിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് സമയത്ത് സൗജന്യങ്ങള്‍ വിതരണം ചെയ്യുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സൗജന്യങ്ങളുടെ മേല്‍ അമിതമായി പണം ചെലവഴിക്കുന്നത് പരിശോധിക്കേണ്ട ഒരു പ്രധാന വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും പറഞ്ഞിരുന്നു.

സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്നതിനുള്ള പണം എവിടെ നിന്ന് ലഭിക്കുന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കാനും കോടതി തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിനും ഇത് സംബന്ധിച്ച നോട്ടീസ് നല്‍കി.