ആ കാട്ടില്‍ വേനല്‍ വന്നുതുടങ്ങി. അതുകൊണ്ട് തന്നെ ജലാശയങ്ങള്‍ വറ്റിവരണ്ടു. മൃഗങ്ങള്‍ വെള്ളമന്വേഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു.
അങ്ങനെയിരിക്കെ ഒരു ദിവസം കഴുകന്‍ കുടുംബവും തന്റെ കൂട്ടുകാരോടൊപ്പം ദൂരെയുള്ള ഒരു ദ്വീപ് തേടി യാത്രതിരിച്ചു. ദിവസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ നിറയെ ഞണ്ടും മത്സ്യങ്ങളും നിറഞ്ഞ ഒരു ദ്വീപില്‍ അവര്‍ എത്തി.
അവര്‍ അവിടെ ആഹ്ലാദത്തോടെ ജീവിച്ചു. വിഭവസമൃദ്ധമായ ഭക്ഷണം കണ്‍മുന്നില്‍ തന്നെ ധാരാളം ലഭിക്കുന്നത് കൊണ്ട് ഒന്ന് പറക്കാന്‍ പോലും അവര്‍ മറന്നുതുടങ്ങി. മാത്രല്ല, ഭാരം വല്ലാതെ കൂടി വരികയും ചെയ്തു.
പക്ഷേ, ആ കഴുകന്‍കുടുംബത്തിലെ കാരണവര്‍ തന്റെ ഭാര്യയേയും മക്കളേയും എന്നും നിര്‍ബന്ധിപ്പിച്ച് പറപ്പിച്ചു. ഇത് കണ്ടു മറ്റുളളവര്‍ കളിയാക്കി.. ദിവസങ്ങള്‍ കടന്നുപോയി. ഒരു കപ്പല്‍ ആ ദ്വീപിനെ ലക്ഷ്യമാക്കി കടന്നുവന്നു.
ആ കപ്പലില്‍ നിന്ന് സിംഹം തുടങ്ങിയ ധാരാളം വന്യമൃഗങ്ങളെ അവര്‍ ആ ദ്വീപിലേക്ക് ഇറക്കി വിട്ടു. നാട്ടിലെ മൃഗശാലയില്‍ ഭക്ഷ്യക്ഷാമം വന്നപ്പോള്‍ അവര്‍ ആ മൃഗങ്ങളെ നല്ലൊരു ദ്വീപ് കണ്ടെത്തി അവിടെ ഇറക്കിവിടാന്‍ വന്നതാണ്.
ദ്വീപിലിറങ്ങിയ മൃഗങ്ങള്‍ കഴുകന്‍മാരെ കൊന്നുതിന്നാന്‍ തുടങ്ങി. രക്ഷപ്പെടാന്‍ വേണ്ടി പറക്കാന്‍ ശ്രമിച്ചപ്പോഴാണ് തങ്ങള്‍ക്ക് പറക്കാന്‍ കഴിയുന്നില്ലെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്.
എത്രയധികം കഴിവുകള്‍ നാം സ്വായത്തമാക്കിയെന്നതില്‍ ഒരു കാര്യവുമില്ല. ആ കഴിവുകള്‍ നിത്യവും ഉപയോഗിക്കപ്പെടുമ്പോഴാണ് അത് കൂടുതല്‍ മികവിലേക്ക് എത്തപ്പെടുന്നത്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണയം പോലെയായി മാറാതെ നമ്മുടെ കഴിവുകളെ തേച്ചുമിനുക്കി സൂക്ഷിക്കാന്‍ എന്നും നമുക്ക് സാധിക്കട്ടെ
– ശുഭദിനം.



