നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി നമുക്ക് നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കാം

കൃഷിയോടുളള താല്‍പര്യം കാരണമാണ് അനുഷ്‌ക തന്റെ ടെറസില്‍ ചെറിയ തോതില്‍ കൃഷി ആരംഭിച്ചത്.

ചെടികള്‍ മുളച്ച് പൊന്തുന്നത് കാണുമ്പോഴുളള സന്തോഷം മറ്റൊന്നിനും തരാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ അനുഷ്‌ക തന്റെ കോര്‍പറേറ്റ് ജോലി അവസാനിപ്പിച്ച് കൃഷിയിലേക്ക് ഇറങ്ങിയത്.

കൃഷിയെപറ്റി മുന്‍കാല പരിചയം ഇല്ലാത്തതിനാല്‍ അതിനെകുറിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ ആദ്യം തന്നെ തീരുമാനിച്ചു.

അതിനായി നോയിഡയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ ടെക്‌നോളജിയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോഴ്‌സിന് ചേര്‍ന്നു. പിന്നീട് സോളാനില്‍ നിന്ന് കൂണ്‍കൃഷി പരിശീലനവും നേടി.

സംരക്ഷിത കൃഷിയെക്കുറിച്ചുളള ഗവേഷണവും പരിശീലനവും, കാലാവസ്ഥയുമായിബന്ധപ്പെട്ട വിളനാശവും കീടബാധയും ഒഴിവാക്കാന്‍ അവളെ സഹായിച്ചു. ലഖ്‌നൗവിലെ മോഹന്‍ലാല്‍ഗഞ്ച് ഏരിയയില്‍ ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് 2021 ല്‍ അനുഷ്‌ക കൃഷി ആരംഭിച്ചു.

2024 ലോടെ ആറ് ഏക്കര്‍ പോളിഹൗസ് ഫാമിംഗിലേക്ക് തന്റെ കൃഷി വ്യാപിപ്പിച്ചു. ഇന്ന് 30 തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു. പ്രതിവര്‍ഷം 500 ടണ്‍ വിദേശ പച്ചക്കറികളാണ് അനുഷ്‌ക വില്‍ക്കുന്നത്.

പ്രതിവര്‍ഷം ഒരു കോടി രൂപയാണ് ഇരുപത്തെട്ടുകാരിയായ അനുഷ്‌ക ജയ്‌സ്വാള്‍ തന്റെ പാഷനായ കൃഷിയില്‍ നിന്നും നേടുന്നത്. മനുഷ്യന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെല്ലാം ഓരോരോ ആഗ്രഹങ്ങളാണ്.

ആഗ്രഹങ്ങളാണ് പ്രവര്‍ത്തിക്കാനുളള ഊര്‍ജ്ജം നമുക്ക് തരുന്നത്. ആഗ്രഹങ്ങള്‍ ഇല്ലാതാകുമ്പോഴാണ് നിരാശയും അലസതയും നമ്മെ തേടിവരിക.

അതിനാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി നമുക്ക് നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കാം

– ശുഭദിനം.