ഹോങ്കോംഗ്: ഹോങ്കോംഗിലെ പ്രമുഖ മാധ്യമ വ്യവസായിയായ ജിമ്മി ലായിക്ക് മൂന്ന് കുറ്റങ്ങളിലായി മൊത്തം 20 വര്‍ഷം തടവുശിക്ഷ വിധിച്ചു.
വിദേശശക്തികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയ രണ്ട് കുറ്റങ്ങളും രാജ്യദ്രോഹപരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു കുറ്റവും ഉള്‍പ്പെടെയാണിത്. ഇന്ന് രാവിലെയായിരുന്നു വിധി പ്രസ്താവം.
ഹോങ്കോംഗിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ദേശീയ സുരക്ഷാ കേസുകളിലൊന്നാണ് ഇത്. ഏകദേശം അഞ്ച് വര്‍ഷം നീണ്ടുനിന്ന നിയമനടപടികള്‍ക്കൊടുവിലാണ് ശിക്ഷാവിധി വരുന്നത്. 2020 ഓഗസ്റ്റിലാണ് അദ്ദേഹം ആദ്യമായി അറസ്റ്റിലാകുന്നത്. കഴിഞ്ഞ ഡിസംബര്‍ 15-ന് കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.
ഹോങ്കോംഗിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തനായ വക്താവും ‘ആപ്പിള്‍ ഡെയ്ലി’ എന്ന പ്രമുഖ പത്രത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. ചൈനീസ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ലായ്, ഹോങ്കോംഗിലെ സ്വയംഭരണാധികാരത്തിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു.
2020ല്‍ ചൈന ഹോങ്കോംഗില്‍ നടപ്പിലാക്കിയ കര്‍ശനമായ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ലായിക്കെതിരെ കേസെടുത്തത്. ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയും വിദേശശക്തികളുമായി ബന്ധം പുലര്‍ത്തുന്നവരെയും നേരിടാനാണ് ഈ നിയമം പ്രധാനമായും ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളോട് (പ്രത്യേകിച്ച് അമേരിക്കയോട്) ചൈനയ്ക്കും ഹോങ്കോംഗിനും മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടു എന്നതാണ് പ്രധാനമായും ലായിക്കെതിരെയുള്ള ‘ഗൂഢാലോചന’ കുറ്റം.
ലായിയുടെ അറസ്റ്റിന് പിന്നാലെ 2021-ല്‍ ഹോങ്കോംഗ് അധികൃതര്‍ പത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചിരുന്ന പത്രം അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി.
ഈ വിധി ഹോങ്കോംഗിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അന്ത്യമാണെന്ന് പല പാശ്ചാത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, രാജ്യസുരക്ഷ നിലനിര്‍ത്താന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നാണ് ചൈനയുടെയും ഹോങ്കോംഗ് സര്‍ക്കാരിന്റെയും നിലപാട്.



