വിയർപ്പൊഴുക്കിയാല്‍ മാത്രമേ വീര്യമുണ്ടാകൂ…

തന്റെ ശിഷ്യരും തന്റെ ഗ്രാമവാസികളുമെല്ലാം സത്സ്വഭാവികളായിരിക്കണം എന്ന് ആ ഗുരുവിന് ആഗ്രഹമുണ്ടായിരുന്നു.

അതുകൊണ്ട് പ്രഭാഷണങ്ങളിലൂടെ മാത്രല്ല, പ്രവര്‍ത്തികളിലൂടെയും ആളുകളെ പ്രചോദിപ്പിക്കാന്‍ ഗുരു ആഗ്രഹിച്ചു. അതിനായി ഒരു ദിവസം കുറെപ്പേരെ കൂലിക്ക് വിളിച്ച് കൂറ്റന്‍ പാറക്കല്ലുകള്‍ മലയുടെ മുകളിലേക്ക് ഉരുട്ടികയറ്റിച്ചു.

പിന്നീടത് താഴേക്ക് ഉരുട്ടിവിട്ടു. വീണ്ടും കൂലി കൊടുത്ത് അടുത്ത സെറ്റ് ആളുകളെകൊണ്ട് കല്ല് മുകളിലേക്കെത്തിച്ചു. അത് താഴേക്ക് ഉരുട്ടിയിട്ടു. ഗുരുവിന് മാനസികവിഭ്രമം സംഭവിച്ചുവെന്ന് ജനങ്ങള്‍ അടക്കം പറഞ്ഞു.

ജനക്കൂട്ടത്തോട് ഗുരു പറഞ്ഞു: നല്ല വാക്കുകളിലൂടെയും നല്ല പ്രവൃത്തികളിലൂടെയും പടിപടിയായി, വളരെ കഷ്ടപ്പെട്ട് മാത്രമേ നമുക്ക് ഉന്നതിയില്‍ എത്തിച്ചേരാനാകൂ. എന്നാല്‍ ഈ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കാന്‍ ഒരു ചെറിയ തെറ്റ് മതിയാകും ഒരായുസ്സ് കൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന അന്തസ്സും ആദരവും നഷ്ടപ്പെടാന്‍ ഒരു നിമിഷത്തെ അശ്രദ്ധയോ അവിവേകമോ മതി.

തട്ടിമാറ്റിയ ഒരുപാട് പന്തുകളെ മറന്ന്, വലയിലായ ഒരു പന്തിന്റെ പേരില്‍ ഗോളി വിമര്‍ശിക്കപ്പെടുന്നത് പോലെയാണത്.. അകപ്പെട്ടുപോയ ഒരബദ്ധത്തിന്റെ പേരില്‍ ആയുഷ്‌കാലം മുഴുവന്‍ അപമാനിക്കപെട്ടും. നിര്‍മ്മാണപ്രക്രിയകളെല്ലാം ദൈര്‍ഘ്യമേറിയതും നശീകരണപ്രക്രിയകളെല്ലാം നൈമിഷികവുമാണ്.

ഒന്നാമതെത്താന്‍ ഒരു നിമിഷത്തേക്ക് മറ്റുളളവരെ പിന്നിലാക്കിയാല്‍ മതി. എന്നാല്‍ ഒന്നാമനായി തുടരാന്‍ അത് മതിയാകില്ല. സ്വന്തം പരിശ്രമം കൊണ്ട് മുകളിലെത്തിയ ആരും ആ സ്ഥാനത്തെ നിസ്സാരമായി കാണില്ല. സഞ്ചരിച്ച വഴികള്‍ അവരുടെ ശരീരത്തേയും മനസ്സിനേയും പാകപ്പെടുത്തിയിരിക്കും.

മറ്റുള്ളവരുടെ ഇടപെടലുകള്‍ കൊണ്ടോ ഭാഗ്യം കൊണ്ടോ ഒരു സ്ഥാനത്ത് എത്തിച്ചേരുന്നവര്‍ക്ക് ആ ഇടത്തെ പരിതസ്ഥിതികളില്‍ ഇഴുകിച്ചേരാനാകില്ല. ഒന്നുകില്‍ പരിഭ്രമിച്ച് താഴെ വീഴും, അല്ലെങ്കില്‍ അലഞ്ഞു തിരിയും, അതുമല്ലെങ്കില്‍ അഹംഭാവത്തിന്റെ ആള്‍രൂപമാകും..

സ്വയമൊഴുക്കുന്ന വിയര്‍പ്പിന്റെ നേട്ടത്തിലും അന്യനൊഴുക്കുന്ന വിയര്‍പ്പിലൂടെയുളള നേട്ടത്തിലും രുചിയിലും ഗന്ധത്തിലും വ്യത്യാസമുണ്ട്. വിയർപ്പൊഴുക്കിയാല്‍ മാത്രമേ വീര്യമുണ്ടാകൂ..

സ്വന്തം വിയര്‍പ്പിന്റെ ആത്മാഭിമാനം അനുഭവിക്കാനുളള അവസരം നമുക്കുണ്ടാകട്ടെ

– ശുഭദിനം.