ശബരിമല സ്വര്‍ണ്ണക്കൊള്ള, അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കവർച്ചാ കേസില്‍ യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു.

തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസില്‍ വെച്ച്‌ നടന്ന ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂറോളം നീണ്ടുനിന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

രാവിലെ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂർ പ്രകാശ്, അന്വേഷണ സംഘത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയതായി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമായും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയത്തെക്കുറിച്ചാണ് സംഘം ചോദിച്ചത്. ഇതിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്.

നോട്ടീസ് ലഭിച്ച ഉടൻ തന്നെ ഹാജരായെന്നും അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടൂർ പ്രകാശിനെ ചോദ്യം ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആരോപിച്ചു. സ്വന്തം പരാജയങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാൻ മറ്റുള്ളവരുടെ മേല്‍ പഴിചാരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ യു.ഡി.എഫിനെ കൂട്ടിക്കെട്ടാൻ നോക്കേണ്ടെന്നും, ഇത്തരം നടപടികള്‍ കൊണ്ട് മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണക്കൊള്ളയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന ആക്ഷേപം നേരത്തെ തന്നെ നിലവിലുണ്ട്. പ്രതികള്‍ക്കൊപ്പം പൊതുപരിപാടികളില്‍ പങ്കെടുത്തതും മറ്റും മുൻനിർത്തിയാണ് അടൂർ പ്രകാശില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങാനാണ് സാധ്യത.